അരയ്ക്കു താഴെ തളര്‍ന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു; പോകാനിടമില്ല; കണ്ണീര്‍

കോട്ടയം മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അരയ്ക്ക് താഴെ തളർന്ന യുവതിയും കുടുംബവും പോകാൻ ഇടമില്ലാതെ ദുരിതത്തിൽ. ഏഴ് മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിക്ക് വിടുതൽ നൽകിയതോടെയാണ് പ്രതിസന്ധി. സ്വന്തമായി വീടില്ലാത്തതിന് പുറമെ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വരുമാനം മുടങ്ങിയതും കുടുംബത്തിന് ഇരുട്ടടിയായി.

സെപ്റ്റംബർ 27 നാണ് ലിജിയെ മൂവാറ്റുപുഴയിൽ നിന്ന് പ്രസവത്തിനായി മെഡിക്കൽ കോളേജിൽ എത്തിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ കാലുകൾ തളർന്നു. രണ്ടാഴ്ച്ചകൊണ്ട് കാലുകൾ പൂർവ സ്ഥിതിയിലെത്തുമെന്ന് ഉറപ്പ് നൽകി ഡോകടർമാർ ചികിത്സ ആരംഭിച്ചു. ഏഴ് ഒമാസം പിന്നിട്ടു ലിജിക്ക് ഇപ്പോഴും നടക്കാനാവില്ല. ആശുപത്രി വിടാനാണ് നിലവിൽ ഡോക്ടർമാരുടെ നിർദേശം.

മൂവാറ്റുപുഴയിൽ വാടകവീട്ടിലായിരുന്നു കുടുംബത്തിൻ്റെ താമസം. കൂലിപ്പണിക്കാരനായ ഭർത്താവിന് നിലവിൽ ജോലിയും ഇല്ല. പുതിയ വാടക വീട് തരപ്പെടുത്താനും മാർഗമില്ല. സഹായിക്കാവുന്നതിൻ്റെ പരമാവധി ചെയ്തു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.  നിസഹായരായ കുടുംബം കുഞ്ഞുമായി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.