നിർദേശങ്ങൾ ലംഘിച്ച് മത്സ്യബന്ധനം; പാസ് നമ്പർ അടിസ്ഥാനത്തിൽ

മത്സ്യബന്ധന മേഖലയില്‍ നല്‍കിയ ലോക് ഡൗണ്‍‌ ഇളവുകള്‍ ലംഘിക്കപ്പെടുന്നുവെന്ന് പരാതി. കോഴിക്കോട് ജില്ലയില്‍ നിര്‍ദേശം മറികടന്ന് മീന്‍പിടിച്ച ഒന്‍പത് ബോട്ടുകള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുത്തു. യന്ത്ര തകരാര്‍മൂലം തിരികെ ഹാര്‍ബറിലെത്താന്‍ വൈകിയാലും ഉദ്യോഗസ്ഥര്‍ 

അമിതമായി പിഴ ഈടാക്കുന്നുവെന്നും ആക്ഷേപമുണ്ട്.ഒറ്റ, ഇരട്ട നമ്പര്‍ അടിസ്ഥാനത്തിലാണ് ബോട്ടുകള്‍ക്ക് പാസ് അനുവദിക്കുന്നത്. പാസ് ലഭിച്ചവര്‍ നിശ്ചിത സമയത്തിനുള്ളില്‍ മീന്‍പിടിച്ച് തിരികെ 

ഹാര്‍ബറിലെത്തി പാസ് മടക്കി നല്‍കണം. എങ്കില്‍ മാത്രമെ അടുത്ത ബോട്ടിന് കടലില്‍ പോകാന്‍ അനുമതി ലഭിക്കു. എന്നാല്‍ ചില ബോട്ടുകള്‍ ഈ നിര്‍ദേശം പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. 

ചിലര്‍ നടത്തുന്ന നിയമലംഘനം കാരണം യഥാര്‍ഥത്തില്‍ കടലില്‍ കുടുങ്ങുന്നവരും പിഴയടയ്ക്കേണ്ട സാഹചര്യമാണ്. യന്ത്രതകരാര്‍മൂലം മടങ്ങിയെത്താന്‍ വൈകിവരില്‍നിന്നും മീന്‍പിടിച്ചെടുത്ത് പിഴ ചുമത്തിയെന്നും ബോട്ടുടമകള്‍ പറയുന്നു. ഏതായാലും തീരദേശമേഖലയില്‍ പൊലീസ് സഹായത്താല്‍ പരിശോധന ശക്തമാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം.