ബഹുഭാഷകളിലെ സിനിമ റിലീസിനൊരുങ്ങി ആമസോൺ; പ്രതിഷേധവുമായി 'ഐനോക്സ്'

കോവിഡ് കാലത്ത് രാജ്യത്തെ ബഹുഭാഷകളിലെ സിനിമകൾ റിലീസ് ചെയ്യാനൊരുങ്ങി ആമസോൺ.  ജയസൂര്യ അതിഥിവേഷത്തിലെത്തുന്ന സൂഫിയും സുജാതയുമെന്ന മലയാളചിത്രം ഉൾപ്പെടെയാണ് ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യുക. അതിനിടെ സിനിമകളുടെ ഒ.ടി.ടി റിലീസിനെതിരെ മൾട്ടിപ്ലെക്സ് ശ്രംഖലയായ  ഐനോക്സും അനുകൂലിച്ച് രാജ്യത്തെ സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് ഗിൽഡും രംഗത്തെത്തി .

കോവിഡ് കാലത്ത് സിനിമകളുടെ തിയറ്റർ റിലീസ് ഉടനടി സാധ്യമല്ലെന്ന തിരിച്ചറിവാണ് ഒ.ടി.ടി പ്ളാറ്റാഫോമുകളിലേക്ക് നിർമാതാക്കളെ അടുപ്പിക്കുന്നത്. ഈ സഹകരണം വെളിവാക്കി ഹിന്ദിയിലും ഇതരഭാഷകളിലും ഉൾപ്പെടെ ഏഴ് സിനിമകളുടെ റിലീസിനാണ് ആമസോൺ ഒരുങ്ങുന്നത്. ഒ.ടി.ടി റിലീസ് നേരത്തെ തീരുമാനിച്ചുറപ്പിച്ച ജ്യോതിക നായികയായ തമിഴ് ചിത്രം പൊന്മകൾ വന്താൽ, ജയസൂര്യ അതിഥിവേഷത്തിലെത്തുന്ന മലയാളചിത്രം സൂഫിയും സുജാതയും, വിദ്യബാലൻ നായികയായ  ജീവചരിത്ര സിനിമ ശകുന്തളാദേവി, അമിതാബ് ബച്ചൻ മുഖ്യവേഷത്തിലെത്തുന്ന ഗുലോബോസിതാബോ, കന്നഡ ചിത്രങ്ങളായ ഫ്രഞ്ച്‌ബിരിയാണി, ലോ, തമിഴിലും തെലുങ്കിലുമെത്തുന്ന പെൻഗ്വിൻ എന്നിവയാണ് ഒ.ടി.ടിയിൽ പ്രേക്ഷകരിലേക്ക് എത്തുക. കോവിഡ് ഉണ്ടാക്കിയ കഷ്ടക്കാലത്ത് തിയറ്ററുകളെ തള്ളി ഒ.ടി.ടിക്ക് കൈകൊടുത്ത സിനിമ നിർമാതാക്കൾക്കെതിരെ മൾട്ടിപ്ലെക്സ് തിയറ്റർ ഗ്രൂപ്പായ ഐനോക്സ് പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. കേരളത്തിലെ തിയറ്റർ സംഘടനയായ ഫിയോക്കും കടുത്ത പ്രതിഷേധത്തിലാണ്.

എന്നാൽ സിനിമകളുടെ ഒ.ടി.ടി റിലീസിനെ എതിർക്കുന്ന തിയറ്ററുകാർക്കെതിരെ രാജ്യത്തെ സിനിമ നിർമാതാക്കളുടെ ഹംഘടനയായ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ്  രംഗത്തെത്തി കഴിഞ്ഞു.  കോടികളുടെ നഷ്ടം  നേരിടുന്നതിനാലാണ് നിർമാതാക്കൾ ഒ.ടി.ടി പ്ളാറ്റ്ഫോമുകളിലേക്ക് തിരിഞ്ഞത്കോവിഡ് കാലം കഴിഞ്ഞാൽ തിയറ്ററുകളിലേക്ക് സിനിമ എത്തിക്കാമെന്നും പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് വ്യക്തമാക്കി. പക്ഷെ ഉടനടിയൊന്നും ലോകത്തൊരിടത്തും ജനം തിയറ്ററിൽ എത്തില്ലെന്ന തിരിച്ചറിവിൽ ഒ.ടി.ടി റിലീസ് മാത്രം ലക്ഷ്യമിട്ടുള്ള വിവിധ ഭാഷാസിനിമകൾ ഉണ്ടാവുമെന്നാണ്  സിനിമ സാങ്കേതിക പ്രവർത്തകരുടെ വിലയിരുത്തൽ