മഴയിൽ കൃഷിനാശം; മരച്ചീനി കർഷകർക്ക് താങ്ങായി ഹോർട്ടികോർപ്പ്

വേനല്‍ മഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ച മൂവാറ്റുപുഴയിലെ മരച്ചീനി കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഹോര്‍ട്ടി കോര്‍പ്പ്. കാറ്റില്‍ നിലം പൊത്തിയ മൂപ്പെത്തിയ മരച്ചീനി ഹോര്‍ട്ടി കോര്‍പ്പ് സ്റ്റാളുകള്‍ വഴി വിറ്റഴിക്കും.

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ഇരുപത് ലക്ഷത്തോളം രൂപയുടെ കൃഷി നാശമാണ് മൂവാറ്റുപുഴ മേക്കടമ്പിലെ മരച്ചീനി ക‍ര്‍ഷകര്‍ക്കുണ്ടായത്. ഏക്കര്‍ കണക്കിന് സ്ഥലത്ത് കൃഷി ചെയ്തിരുന്ന, വിളവെടുക്കാറായ മരച്ചീനിയാണ് കാറ്റില്‍ നിലം പൊത്തിയത്. നാശമുണ്ടായ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച എല്‍ദോ എബ്രഹാം എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹോര്‍ട്ടി കോര്‍പ് ഇടപെട്ടത്. ഇവിടെ നിന്നും മരച്ചീനി ശേഖരിച്ച് ഹോര്‍ട്ടികോര്‍പ്പിന്‍റെ സ്റ്റാളുകള്‍ വഴി വില്‍പ്പന നടത്തും.ബാക്കി വരുന്ന മരച്ചീനികള്‍ കൃഷി വകുപ്പിന്‍റെ ഇക്കോ ഷോപ്പുകള്‍ വഴിയും വിറ്റഴിക്കും.

മരച്ചീനിയ്ക്ക് പുറമേ വാഴയും പച്ചക്കറിയും കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നശിച്ചിരുന്നു.