ഷാജിയുമായി അന്നും ഇന്നും അകലം പാലിച്ചു; തുറന്നുപറഞ്ഞ് കെ.ടി.ജലീല്‍

മുഖ്യമന്ത്രി പിണറായി വിജയനും കെ.എം.ഷാജി എംഎൽഎയും തമ്മിൽ ദിവസങ്ങൾക്ക് മുൻപുണ്ടായ വിവാദത്തിൽ പിണറായിക്ക് പ്രതിരോധം തീർത്ത് രംഗത്തെത്തിയത് മന്ത്രി കെ.ടി ജലീലായിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ മറുപടി പറഞ്ഞു.

‘ഷാജി കേരളത്തെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പിന്നെ പിണറായി വിജയനെ, എടോ പിണറായി.. എന്നൊക്കെ വിളിച്ചു. ഇത് എനിക്ക് വിഷമമുണ്ടാക്കി. കാരണം പിണറായി വിജയൻ ഒരിക്കലും അത്തരം നീക്കങ്ങളെ ഇഷ്ടപ്പെടുന്ന ആളല്ല. മുൻപ് നിയമസഭയിൽ ഞാനും ഷാജിയും തമ്മിൽ വാക്പോരുണ്ടായപ്പോൾ, അന്നു ഞാൻ ഉപയോഗിച്ച വാക്കുകൾ കുറച്ച് കടന്നുപോയിരുന്നു. പിന്നീട് ഷാജിക്ക് വിഷമമായി എന്നറിഞ്ഞപ്പോള്‍ ഞാന്‌ തിരുത്തുകയും ചെയ്തു. ഇതിന് പിന്നാലെ പിണറായി വിജയൻ എന്നോട് വ്യക്തിപരമായി പറഞ്ഞു. ഷാജിക്കെതിരെ സഭയിൽ അത്തരം വാക്കുകൾ ഉപയോഗിക്കരുതായിരുന്നു എന്ന്. അങ്ങനെ പറഞ്ഞ മനുഷ്യനെ ആക്രമിച്ചപ്പോൾ ‍ഞാൻ ഇടപെട്ടു അത്രമാത്രം. അത് എനിക്ക് പിണറായി വിജയനോടുള്ള ആദരവ് കൊണ്ടാണ്. മുനീറിനെക്കുറിച്ചും പിണറായി വിജയന്‍ നല്ലത് മാത്രമേ പറഞ്ഞുള്ളൂ. അങ്ങനെയുള്ള മനുഷ്യനെയാണ് ഇവര്‍ രണ്ടുപേരും അവാസ്തവം പറഞ്ഞ് കടന്നാക്രമിക്കുന്നത്– ജലീൽ പറഞ്ഞു.

ഷാജിയും ‍ഞാനും യൂത്ത് ലീഗിൽ ഉണ്ടായിരുന്ന കാലത്തും വലിയ സൗഹൃദമുണ്ടായിരുന്നില്ല. അന്നും ഞങ്ങൾ അൽപം അകലം പാലിച്ചിരുന്നു. എന്നെ മുസ്‌‌ലിം യൂത്ത് ലീഗിൽ നിന്നും പുറത്താക്കാൻ ഷാജി ശ്രമിച്ചപ്പോൾ അന്ന് ഞാൻ ചോദിച്ചിരുന്നു. ഇതൊക്കെ ചെയ്യുന്നത് ഷാജിക്ക് എംഎൽഎയും മന്ത്രിയുമാവാനല്ലേ. എന്നാൽ നോക്കിക്കോ ഷാജി അതൊക്കെ ആവുന്നതിന് മുൻപ് ഞാൻ അതെല്ലാം ആയിരിക്കുമെന്ന്. അതു പിന്നീട് സത്യമായി.’. ജലീൽ പറഞ്ഞു. നേരേ ചൊവ്വേ വിഡിയോ കാണാം.