കാസര്‍കോട്ടെ കോവിഡ് പ്രതിരോധ ഹീറോ; വിജയ് സാഖറെ എന്ന കര്‍ക്കശക്കാരന്‍

കാസർകോട് സബ് ഡിവിഷൻ പരിധിയിലെ ഓരോ പ്രദേശങ്ങളും വിജയ് സാഖറെയ്ക്കു പരിചിതമാണ്. 1999 ലാണു സാഖറേ ആദ്യമായി കാസർകോട് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്നത്. ഏഴു മാസം കാസർകോട് എഎസ്പി ചുമതല. ജില്ലയിലെ അക്രമസംഭവങ്ങൾ പലതും അടിച്ചമർത്താൻ അദ്ദേഹത്തിനായി. 21 വർഷങ്ങൾക്കു ശേഷം സാഖറെ വീണ്ടും കാസർകോടെത്തിയതു രക്ഷകന്റെ വേഷത്തിലാണ്.

കോവിഡ് പോരാട്ടത്തിൽ ജില്ല കണ്ടത് വിജയ്സാഖറെയിലെ കർക്കശക്കാരനായ പൊലീസുകാരനെ തന്നെയാണ്. ശക്തമായ പൊലീസ് സംവിധാനം ഉപയോഗപ്പെടുത്തി ജില്ലയിൽ കോവിഡ് വ്യാപനം ഇല്ലാതാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. കാസർകോടിനെ ഏറെക്കുറെ സുരക്ഷിതമേഖലയിലെത്തിച്ച ശേഷമാണ് സാഖറെ കണ്ണൂരിലെത്തിയത്. അവിടെയും ലക്ഷ്യം കോവിഡ് പ്രതിരോധം തന്നെ. 

സാഖറെ മനോരമയോട് പറഞ്ഞത്:

ട്രിപ്പിൾ ലോക്ഡൗൺ, ‘അമൃതം’ ഹോം ഡെലിവറി, ടെലി മെഡിസിൻ കൺസൽറ്റേഷൻ, ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന, കോവിഡ് രോഗികളുടെ വീട് നിരീക്ഷണം, പൊലീസിന്റെ വക ലൊക്കേഷൻ മാപ്പ് തുടങ്ങി കാസർകോടിനു വേണ്ടി നിയമവും സാങ്കേതിക വിദ്യയും വിനിയോഗിച്ചുള്ള അതിനൂതന ‘ആക്‌ഷൻ പ്ലാൻ’ ആണ് നടപ്പാക്കിയത്. 24ന് കാസർകോട്ട് എത്തുമ്പോൾ ആദ്യ ആഴ്ച രോഗികളുടെ എണ്ണം 64 ആയിരുന്നു. ഇപ്പോൾ രോഗികളുടെ എണ്ണം വിരലിലെണ്ണാവുന്നതായി കുറഞ്ഞതു ഞങ്ങളുടെ പദ്ധതികളുടെ കൂടി വിജയമാണ്. 

എല്ലാവരും മനസ്സിലാക്കിയപോലെ തന്നെ 3 പൂട്ടിട്ടുപൂട്ടുന്ന പ്രക്രിയ തന്നെയാണിത്. സാദാ ലോക്ഡൗൺ എന്നു പറഞ്ഞാൽ അത് ജില്ലയ്ക്കു മൊത്തമാണ്. ജില്ലയിലെ ആരും അത്യാവശ്യകാര്യങ്ങൾക്കുവേണ്ടി അല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല. പൊലീസ് നിയന്ത്രണം ശക്തമാക്കും. ഡബിൾ ലോക്ഡൗൺ എന്നാൽ ആ ജില്ലയിലെ ചില സ്ഥലങ്ങളെ പ്രത്യേകമായി കൂടുതൽ നിരീക്ഷണത്തിലാക്കും. 

ആ പ്രദേശങ്ങളിലുള്ളവർ പുറത്തേക്കോ പുറത്തുള്ളവർ അകത്തേക്കോ പ്രവേശനമില്ല. മൂന്നാമത്തെതാണ് ട്രിപ്പിൾ ലോക്ഡൗൺ. ഇതിൽ രോഗികളുടെ എണ്ണമനുസരിച്ച് ഒരു പ്രദേശത്തെ ഓരോ വീടും പ്രത്യേകം പൊലീസിന്റെ നിരീക്ഷണത്തിലാകും. സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ പാടില്ല. 

രണ്ട് വകുപ്പുകളാണ് കാസർകോട്ട് പ്രധാനമായും കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിൽ പങ്കുവഹിച്ചത്. ഒന്നാമത്തേത് ഡോക്ടർമാരടങ്ങുന്ന ആരോഗ്യമേഖലയാണ്. ഇത്രയേറെ രോഗികളെ   ഭേദമാക്കാൻ അവർക്കു കഴിഞ്ഞു. രണ്ടാമത്തേതു ജില്ലയെ സമൂഹവ്യാപനം ഇല്ലാതെ രക്ഷിച്ചു എന്നതാണ്.ഇത് പൊലീസിന്റെ മാത്രം നേട്ടമാണ്.പൊലീസ് നടപ്പാക്കിയ ശക്തമായ ട്രിപ്പിൾലോക് സംവിധാനം ഇതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ രണ്ടു വകുപ്പുകൾക്കുപുറമെ മറ്റുള്ളവരുടെയും പലതരം സേവനങ്ങളുണ്ട്. അവയും കുറച്ചുകാണാനാവില്ല.

കാസര്‍കോ‍ട് ആളുകൾ ഹോം ക്വാറന്റീനിൽ പോകാൻ ആദ്യം തയാറായില്ല. ഇതോടെ സാങ്കേതിക വിദ്യയും നിയമവും ഒരുപോലെ ഉപയോഗിക്കേണ്ടി വന്നു. ജനങ്ങളെ ശക്തമായി നിയന്ത്രിച്ച് വീട്ടിലിരുത്തി. ലോക്ഡൗണായ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വേണമായിരുന്നു. ഇതുപരിഹരിക്കാനാണ് പൊലീസ് ഹോംഡെലിവറി തുടങ്ങിയത്. കോവിഡ് അല്ലാത്ത രോഗമുള്ള ഒട്ടേറെ പേരുണ്ടായിരുന്നു അവർക്കായി പൊലീസ് നേരിട്ട് മരുന്നും എത്തിച്ചു. ഇതുവരെ25000പേർ ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ട്രിപ്പിൾ ലോക്ഡൗൺ ശേഷം കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. മാർച്ച് 23 നാണു ഞങ്ങളുടെ ടീം കാസർകോട്ട് എത്തിയതും ആക്‌ഷൻ പ്ലാൻ തയാറാക്കിയതും. 15 ദിവസമെങ്കിലും ഒറ്റ രോഗികളും ഇല്ലാത്ത സാഹചര്യം വരുമ്പോൾ മാത്രമേ ജില്ല പൂർണമായും സുരക്ഷിതമായി എന്നു പറയാനാവൂ.

ഞങ്ങൾ കാസർകോട് എത്തിയ ആദ്യ ആഴ്ച 64 രോഗികളുണ്ടായിരുന്നു. പിറ്റേ ആഴ്ച അത് 37 ഉം തൊട്ടടുത്ത ആഴ്ച 11 ഉം ആയി കുറഞ്ഞു. സാവധാനം രോഗികൾ കുറഞ്ഞുവരികയാണ്. അടുത്ത രണ്ടാഴ്ച എങ്ങനെ എന്നതാവും കാസർകോടിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.