പൂനൂര്‍പുഴയില്‍ കക്കൂസ് മാലിന്യം തള്ളി; ദുരിതത്തിലായി നാട്ടുകാർ

കോഴിക്കോട് പൂനൂര്‍പുഴയില്‍ രാത്രിയുെട മറവില്‍ നിരവധി ലോഡ് കക്കൂസ് മാലിന്യം തള്ളി. രണ്ട് പ്രധാന കുടിവെള്ള പദ്ധതികളുടെ കിണറിനോട് ചേര്‍ന്നായതിനാല്‍ ജനങ്ങള്‍ക്ക് കടുത്ത ദുരിതമാകും. സമീപ ഇടങ്ങളില്‍ മഞ്ഞപ്പിത്തബാധയുള്ളതിനാല്‍ ആരോഗ്യപ്രവര്‍ത്തകരും ആശങ്കയിലാണ്

പണ്ടാരപ്പറമ്പ് പാലത്തിനോട് ചേര്‍ന്നാണ് പുഴയില്‍ കക്കൂസ് മാലിന്യം തള്ളിയത്. പൊയില്‍താഴം റോഡിലൂടെയെത്തിയവരാണ് വാഹനത്തില്‍ മാലിന്യം കൊണ്ടുവന്നതെന്നാണ് നിഗമനം. മാലിന്യം തള്ളിയ ഭാഗത്തായി രണ്ട് കുടിവെള്ള പദ്ധതിയിലേക്കായി ജലം സംഭരിക്കുന്ന കിണറുകളുണ്ട്. മാലിന്യമൊഴുകിയെത്തുന്ന നിലയുള്ളതിനാല്‍ പമ്പിങ് നിര്‍ത്തിയിട്ടുണ്ട്. ഇത് കടുത്ത കുടിവെള്ള ക്ഷാമത്തിനിടയാക്കും. വേനലില്‍ കുളിക്കാനും തുണി അലക്കാനുമെല്ലാം പുഴയെ ആശ്രയിച്ചിരുന്നവരും പ്രതിസന്ധിയിലായി. പുനൂര്‍പുഴയുടെ ഇരുകരകളിലും മഞ്ഞപ്പിത്തബാധ ഭീഷണിയുമുണ്ട്. കക്കൂസ് മാലിന്യം തള്ളിയത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും. നേരത്തെ പുഴയില്‍ അറവ് മാലിന്യം തള്ളുന്ന പതിവുണ്ടായിരുന്നു. നാല് മാസം മുന്‍പ് ചത്ത പോത്തിനെ നേരിട്ട് രാത്രിയുടെ മറവില്‍ പുഴയില്‍ തള്ളിയിരുന്നു. ജീര്‍ണിച്ച് പുഴുവരിച്ച സാഹചര്യത്തില്‍ നാട്ടുകാരാണ് കുഴിച്ചിട്ടത്. പുഴയോട് ചേര്‍ന്ന് കൂടുതല്‍ വീടില്ലാത്തതും വാഹനമെത്തിക്കാനുള്ള സൗകര്യവുമാണ് സാമൂഹ്യവിരുദ്ധര്‍ മുതലെടുക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു.