വീട്ടിലൊരു പ്ലാവുണ്ടോ? പരീക്ഷിക്കാം ഈ ഉഗ്രൻ പായസക്കൂട്ട്

വിഷുദിനത്തിൽ പരീക്ഷിക്കാവുന്ന ഒരു ഉഗ്രൻ പായസക്കൂട്ട് പരിചയപ്പെടാം. പാഴിലയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്ലാവിലകൊണ്ടാണ് ഈ സ്പെഷ്യൽ പായസം. പുതിയ പായസക്കൂട്ടിന് പിന്നിൽ പാലാക്കാരി ആൻസി മാത്യുവും മകൾ മീര മാത്യുവുമാണ്.   

ഉള്ളതുകൊണ്ട് ഓണം പോലെയെന്ന പറച്ചിൽ ശരിക്കും ശരിയായത് ഈ വിഷുക്കാലത്താണ്. ഒടുവിൽ വാരിക്കൂട്ടി കത്തിച്ച് കളയുന്ന പ്ലാവില വരെ തീൻമേശയിൽ രുചിക്കൂട്ടായി മാറുകയാണ്. ചക്ക കൊണ്ടു നൂറിലധികം വിഭവങ്ങൾ ഒരുക്കുന്ന ആൻസിയും മകൾ മീരയും വിവരിക്കുകയാണ് പ്ലാവിലപായസത്തിലേക്കുള്ള രുചി വഴികൾ.

ചെറുതായി അരിഞ്ഞെടുത്ത പ്ലാവിലകൾ നെയ്യിൽ വരട്ടിയെടുക്കുന്നതാണ് ആദ്യഘട്ടം. അരച്ചെടുത്ത ചക്കക്കുരുവും തേങ്ങാപ്പാലും ചേർക്കുന്നതോടെ പ്രധാനഘട്ടം പിന്നിടും. 

വീട്ടിൽ ഒരു പ്ലാവുണ്ടെങ്കിൽ ഉപ്പേരി മുതൽ പായസം വരെ അതിൽ നിന്ന് ഒപ്പിക്കാം. വനിതയുടെ ലിറ്റിൽ ഷെഫ് മത്സരത്തിലെ വിജയികൂടിയാണ് ആൻസിയുടെ മകൾ മീര.