ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പണമില്ല; 10 ടൺ കപ്പ നൽകി കർഷകൻ

മുഖ്യമന്ത്രിയുടെ  കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്  നൽകാൻ പണമില്ല, 10 ടൺ കപ്പ  സംഭാവന നൽകി കർഷകൻ. വയനാട് പുൽപ്പള്ളിയിലെ കവളക്കാട് റോയ് ആന്റണിയാണ് രണ്ടര ലക്ഷം രൂപയോളം വിലമതിക്കുന്ന  കപ്പ ഹോർട്ടികോർപ്പിന് നൽകിയത്.  

പുൽപ്പള്ളിയിലെ മാതൃക കർഷകരിലൊരാളാണ് റോയ്. രണ്ടര ഏക്കറോളം സ്ഥലത്ത് കപ്പക്കൃഷിയുണ്ടായിരുന്നു. മുക്കാൽ ലക്ഷത്തോളം രൂപ മുടക്കിയുള്ള കൃഷിയാണ്. 

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ഇല്ലാത്തതിനാലാണ് കാർഷിക ഉൽപാദനം കൊടുക്കാൻ തീരുമാനിച്ചതെന്ന് റോയ് പറയുന്നു.  ഇക്കാര്യം കൃഷിമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചു. തുടർന്ന് ഹോർട്ടി കോർപ്പ് പത്തു ടണ്ണോളം കപ്പ കൊണ്ടുപോയി. ഇത് കമ്മ്യൂണിറ്റി കിച്ചണിലേക്കും മറ്റും നൽകി. വിറ്റു കിട്ടുന്ന ബാക്കി തുക ഹോർട്ടികോർപ് ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കാർഷികമേഖലയിലെ ശാസ്ത്രീയമായ ഇടപെടലുകളിലൂടെയും നൂതന ആശയങ്ങളിലൂടെയും ശ്രദ്ധേയനാണ് റോയ്. പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.