കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിച്ച് ഹോർട്ടികോർപ്; ആശങ്കയ്ക്ക് വിരാമം

ലോക്ഡൗണില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസവുമായി ഹോര്‍ട്ടികോര്‍പ്. വിലലഭ്യത ഉറപ്പുവരുത്തി കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറികള്‍ സംഭരിച്ചുതുടങ്ങി. വിലവര്‍ധനയും പൂഴ്ത്തിവയ്പ്പും തടയുന്നതിന് നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷ.  

പടവലം, പയര്‍ , മത്തന്‍ , വെള്ളരി എന്നിങ്ങനെ വിവിധതരം പച്ചക്കറികള്‍ കര്‍ഷകരില്‍നിന്ന് നേരിട്ടുസ്വീകരിക്കുകയാണ് ഹോര്‍ടികോര്‍പ്. വിപണിവില നല്‍കിയാണ് വിളവ് ഏറ്റെടുക്കുന്നത്. ചെങ്ങന്നൂര്‍ മമ്പ്രപാടത്ത് നിന്നടക്കം ടണ്‍കണക്കിന് നാടന്‍ പച്ചക്കറികള്‍ സംഭരിച്ചു. ഇതോടെ, ലോക്ഡൗണ്‍ കാലത്ത് വിളവ് നശിക്കുമെന്ന കര്‍ഷകരുടെ ആശങ്കയ്ക്ക് വിരാമമായി.  

ലോക്ഡൗണ്‍ കാലത്തെ പച്ചക്കറിക്ഷാമത്തിന് അറുതിവരുത്തുന്നതിനൊപ്പം, കര്‍ഷകര്‍ക്ക് ആശ്വാസമാണ് നടപടി. ഹോര്‍ട്ടികോര്‍പ്പിനെ കൂടാതെ വിവിധ സഹകരണസംഘങ്ങളിലൂടെയും പച്ചക്കറി സംഭരിക്കുന്നുണ്ട്. ഇത് സമൂഹ അടുക്കളയിലേക്കും എത്തുന്നുണ്ട്. ‌