ഹോർട്ടികോർപ്പിന്റെ പച്ചക്കറി സംഭരണം പാളുന്നു; കർഷകർ വഞ്ചിതരായി

ഹോർട്ടികോർപ്പിന്റെ പച്ചക്കറി സംഭരണം പാളുന്നു. മാവേലിക്കര, ചെങ്ങന്നൂർ ഭാഗങ്ങളിൽമാത്രം ടൺ കണക്കിന് വിളകളാണ് കെട്ടിക്കിടന്നു  നശിക്കുന്നത്. ഇതോടെ,  ഹോർട്ടികോർപിന്റെ വാഗ്ദാനംകേട്ട് വിളവെടുത്ത നിരവധി കർഷകരാണ് വഞ്ചിതരായത്. 

വിളനിറഞ്ഞ മണ്ണിൽ കർഷകന്റെ കണ്ണീർ വീഴുകയാണ്. ചെറിയനാട് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലുമായി നിരവധി കർഷകരാണ് ഹോർട്ടികോർപിന്റെ പാഴ്‌വാക്കിൽ വഞ്ചിതരാകുന്നത്. കോവിഡ് പ്രതിസന്ധിയിൽ വിള വിൽക്കാനിടമില്ലതായതോടെ, എല്ലാം ഏറ്റെടുക്കാമെന്ന ഹോർട്ടികോർപിന്റെ വാക്കിൽ അവർ വിശ്വസിച്ചു, വിളവെടുത്തു. ദിവസങ്ങളോളം കാത്തിരുന്നാലും സംഭരിക്കാൻ വാഹനമെത്തില്ല. ഏറെനാളത്തെ അധ്വാനത്തിന്റെ ഫലം കണ്ണീരുമാത്രം. 

പയർ, പടവലം, മത്തൻ, വെള്ളരി - അങ്ങനെ ടൺ കണക്കിന് പച്ചക്കറിയാണ് ഈ പ്രദേശങ്ങളിൽ ഉല്പാദിപ്പിക്കുന്നത്. ലോക്ഡൌൺ വിലക്ക് നിലനിൽക്കുന്നതിനാൽ വിളവ്, പുറത്ത് കൊണ്ടുപോയി നേരിട്ടുവിൽക്കാനും തടസങ്ങളുണ്ട്. ഇതാണ് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. ഉണങ്ങി അഴുകുന്നവയെല്ലാം കുഴിച്ചുമൂടുകയല്ലാതെ വേറെ വഴിയില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ വിപണിയിലെത്തേണ്ട പാകമായ പച്ചകറികൾ അങ്ങനെ, വിളഞ്ഞ മണ്ണിൽതന്നെ മണ്ണോടുചേരുകയാണ്. കർഷകന്റെ വിലാപംമാത്രം ബാക്കി.