ഭക്ഷണമില്ലെന്ന് അതിഥി തൊഴിലാളികൾ; എത്തിയപ്പോൾ കണ്ടത് ഭക്ഷ്യശേഖരം

ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമായി അതിഥി തൊഴിലാളികൾ പൊലീസ് സ്റ്റേഷനിലെത്തി. ഇവർക്കുള്ള ഭക്ഷണവുമായി നഗരസഭ അധികൃതർ താമസസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കണ്ടത് ഭക്ഷണ സാധനങ്ങളുടെ ശേഖരം.

മുക്കത്തും പരിസരത്തും ക്വാർട്ടേഴ്സുകളിലും മറ്റും താമസിക്കുന്ന അതിഥി തൊഴിലാളികളാണ് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. നേരത്തെയും ഇവർ പരാതിയുമായി സ്റ്റേഷനിൽ എത്തിയിരുന്നതായി നഗരസഭ അധികൃതർ പറയുന്നു

പരാതിയെ തുടർന്ന് ഭക്ഷണവുമായി നഗരസഭ അധികൃതർ താമസ സ്ഥലത്തെത്തിയപ്പോഴാണ് ചോറും കറികളും മറ്റും ആവശ്യത്തിന് കാണപ്പെട്ടത്. കോഴി മുട്ടയും പച്ചക്കറികളും ഉൾപ്പെടെ ഇവിടെയുള്ളതായി അധികൃതർ പറഞ്ഞു. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇവരുടെ പരാതി. 

പാചകം ചെയ്ത ഭക്ഷണങ്ങളും ഭക്ഷ്യ ധാന്യങ്ങളും നൽകി മടങ്ങുമ്പോൾ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ഇവ കണ്ടത്.നഗരസഭ കൗൺസിലർ പി.ടി.ബാബു, ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ.ലൂഷൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

രണ്ടാഴ്ചത്തേക്കെങ്കിലും ഉള്ള ഭക്ഷണ സാമഗ്രികൾ ഇവർക്ക് കരാറുകാരൻ എത്തിച്ചു നൽകിയതായും കണ്ടെത്തി. വ്യാജ പരാതി നൽകിയവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് പറഞ്ഞു. അർഹതയുള്ളവർക്ക് അവയെത്തിക്കുന്നതിന് തടസ്സപ്പെടുത്തുന്ന നടപടികളാണ് വ്യാജ പരാതി മൂലം സംഭവിക്കുകയെന്നും അധികൃതർ പറഞ്ഞു.