‘എന്തൊരു കരുതലാണ് ഈ മൻസന്’; ഹെലികോപ്റ്ററില്‍ തുറന്നടിച്ച് പ്രതിപക്ഷം: കുറിപ്പ്

കോവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലോകരാജ്യങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിൽ അടുത്ത മാസം ശമ്പളം െകാടുക്കാനുള്ള പണത്തിന്റെ കാര്യത്തിൽ തന്നെ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെ  പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപ വാടകയായി നൽകി സംഭവം പുറത്തുവന്നതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ‘ഈ കൊറോണക്കാലത്ത് ഒരു ഹെലികോപ്റ്റർ മുതലാളി പോലും പട്ടിണി കിടക്കരുത്.. എന്തൊരു കരുതലാണ് ഈ മൻസന്..’ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടിബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. 

യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കൂടിയായ കെ.എസ്.ശബരീനാഥന്‍ കുറിച്ചത് ഇങ്ങനെ: ഗവൺമെന്റ് തന്നെ മലയാളികളെ ഏപ്രിൽ ഫൂളാക്കി- ഒന്നല്ല,രണ്ടുതവണ!

1) സാമ്പത്തികസ്ഥിതി അതിരൂക്ഷമായ സമയത്ത് നാല് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ വലിയ വിവാദമായിരുന്നു.അതുകൊണ്ടു മാറ്റിവച്ച ഈ പദ്ധതി ഇപ്പോൾ ആരും അറിയാതെ കൊറോണ ഭീതിക്കിടയിൽ 1 കോടി 70 ലക്ഷം രൂപ പവൻ ഹാൻസ് കമ്പനിക്ക് നൽകാൻ ഉത്തരവായി.

2) ഏറ്റവും കൂടുതൽ അഴിമതി ആരോപണം നടന്ന കേരള പോലീസിന്റെ കെൽട്രോൺ വഴിയുള്ള സ്പീഡ് ക്യാമറ പദ്ധതി വിവാദമായിരുന്നു. കെൽട്രോൺ സഹായത്തോടെ പ്രവർത്തി പരിചയമില്ലാത്ത കമ്പനിക്ക് ഈ പദ്ധതി വഴി 90% വരുമാനം നൽകുമെന്നായപ്പോൾ അത് വിവാദമായി, സർക്കാർ പദ്ധതി മാറ്റിവെച്ചു. എന്നാൽ ഇപ്പോൾ ആരുമറിയാതെ 6 കോടി 97 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.

ഈ രണ്ടു പദ്ധതിക്ക് മാറ്റിവെച്ച 8.67 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊറോണ ചെലവിനായി വക മാറ്റണം. ഈ അഴിമതി ചാലഞ്ച് സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ പാവപ്പെട്ട നാട്ടുകാർ സാലറി ചലഞ്ച് ഏറ്റെടുക്കും.

കോവിഡ് പ്രതിസന്ധി മൂലമുള്ള ചെലവ് ചുരുക്കലിനിടെ പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപയാണ് വാടകയായി നൽകിയത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ഡൽഹിയിലെ പൊതുമേഖല സ്ഥാപനമായ പവൻ ഹൻസിന് തുക കൈമാറിയത്. ഹെലികോപ്ടർ പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപ നൽകിയാണ് വാടകയ്ക്കെടുക്കുന്നത്. ഇതിനായി ഒന്നേമുക്കാൽ കോടിയോളം രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ പണം കൈമാറിയത്. ഹെലികോപ്ടർ ഇടപാട് തന്നെ ധൂർത്തെന്നും അമിത ചെലവെന്നും ആക്ഷേപ നില നിൽക്കുന്നതിനിടെയാണ് പ്രതിസന്ധിക്കിടയിലെ പണം കൈമാറ്റവും. എന്നാൽ നേരത്തെ തന്നെ അനുവദിച്ച പണമാണെന്നാണ് പൊലീസിന്റെ വിശദീകരണം.