ഗ്രാമ്പൂ കഴിച്ചാൽ കോവിഡ് മാറുമോ? അടുത്ത അടവ്; സത്യമെന്ത്?

കോവിഡിനെ പ്രതിരോധിക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും കഴിച്ചാൽ മതിയെന്ന തരത്തിലുള്ള വ്യാപക പ്രചാരണത്തിനു ശേഷം സോഷ്യൽമീഡിയയിലെ വ്യാജവൈദ്യന്മാർ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ ‘നായകന്‍’ ഗ്രാമ്പൂവാണ്. ഗ്രാമ്പൂവിന്റെ ഗുണഗണങ്ങൾ ഓരോന്നും എടുത്തുപറഞ്ഞാണ് വിശദീകരണം. 

വിറ്റമിനുകളുടെയും മിനറലുകളുടെയും ഫൈബറിന്റെയും കലവറയായ ഗ്രാമ്പൂ, ആസ്ത്മ പോലുള്ള  ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയ്ക്കായി ഉപയോഗിക്കുന്നുവെന്നതാണ് പ്രചാരണത്തിന്റെ പ്രധാന കാതൽ. കോവിഡിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായി  ശ്വാസതടസം ചൂണ്ടിക്കാണിക്കപ്പെടുന്നതോടെ ഈ പ്രചാരണത്തിന് പിന്നാലെ പോകാനും ആളുണ്ടെന്നുള്ളതാണ് സത്യം.  

ആസ്ത്മയ്ക്ക് പുറമെ, ഡയബറ്റിസ് സംബന്ധമായ അസുഖങ്ങൾക്കും  ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. മാത്രമമല്ല, ഇത് ശ്വാസകോശത്തിലെ ബാക്ടീരിയൽ ഇൻഫെക്ഷൻ തടയും എന്നും വിദഗ്ദ്ധർ പറയുന്നുണ്ട്. ഗ്രാമ്പൂവിന്റെ ഇത്തരം വിശേഷങ്ങൾ തന്നെയാണ്, സോഷ്യൽമീഡിയയിലെ മുറി വൈദ്യന്മാർ ആയുധമാക്കുന്നതും. ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, വൃക്കസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ഉള്ളവർ കൂടുതലായി കോവിഡ് മൂലം മരണപ്പെടുന്നതായുള്ള കണക്കുകൾ പുറത്തുവരുന്നതോടെ ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് കൂടുതൽ സ്വീകാര്യത കിട്ടുകയും ചെയ്യുന്നുണ്ട്.

സത്യമെന്താണ്?

സാർസ്-കൊവ്-2 എന്ന വൈറസ് ഉണ്ടാക്കുന്ന കോവിഡിന്റെ വ്യാപനം തടയാനോ രോഗം ഭേദമാക്കാനോ ഗ്രാമ്പൂവെന്നല്ല, ഇതുവരെ ഒരു മരുന്നും വൈദ്യശാസ്ത്രലോകം കണ്ടുപിടിച്ചിട്ടില്ലെന്നതാണ് പരമമായ സത്യം.