ഐസലേഷന്‍ വാര്‍ഡ് മോശമെന്ന് പ്രചാരണം; വിഡിയോ പുറത്തുവിട്ട് മുനയൊടിച്ച് സര്‍ക്കാര്‍

കോവിഡ് രോഗികളെ ചികില്‍സിക്കുന്ന കളമശേരി മെഡിക്കല്‍ കോളജില്‍ മോശം അവസ്ഥയെന്ന പ്രചാരണത്തിന്റെ മുനയൊടിച്ച് സര്‍ക്കാര്‍. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളില്ലെങ്കിലും ഏറ്റവും മികച്ച ചികില്‍സ ഉറപ്പാക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.   ഐസലേഷന്‍ വാര്‍ഡിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രതിരോധം. ബ്രിട്ടിഷ് സ്വദേശിയായ രോഗിയുടെ മകളെ ഉദ്ധരിച്ചായിരുന്നു ചില രാജ്യാന്തരമാധ്യമങ്ങളുടെ പ്രചാരണം. 

എലികളുള്ള, ടോയ്‌ലെറ്റ് പേപ്പറോ സോപ്പോ ടവലോ ഇല്ലാത്ത ഇടമെന്നാണ് ഇക്കാണുന്ന സ്ഥലത്തെക്കുറിച്ച് ദ് ഗാര്‍ഡിയന്‍ പത്രത്തില്‍വന്ന റിപ്പോര്‍ട്ട്. മൂന്നാറില്‍ ക്വാറന്റീനില്‍ കഴിയവെ നെടുമ്പാശേരിയിലെത്തി വിമാനംകയറാന്‍ ശ്രമിച്ച ബ്രിട്ടിഷുകാരന്റെ മകള്‍  ബിബിസിക്ക്  അഭിമുഖവും നല്‍കി. 

ആശുപത്രിയിലെ എയര്‍ കണ്ടിഷന്‍ഡ് മുറികള്‍,  കിടക്കകള്‍ ശുചിമുറികള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒപ്പം ഡോക്ടര്‍മാരെയുംവരെ ഗോ പ്രോ ഉപയോഗിച്ച് ചിത്രീകരിച്ചാണ് അധികൃതര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നാലുമണിക്കൂര്‍ ഷിഫ്റ്റില്‍ ആറ് മെഡിക്കല്‍ ടീമുകളാണ്  പ്രതിദിനം  രോഗികളെ പരിചരിക്കുന്നത്. മറ്റാര്‍ക്കും പ്രവേശനമില്ലാത്ത ഐസലേഷന്‍ വാര്‍ഡില്‍ ദൃശ്യങ്ങളെടുത്തതും ഡോക്ടര്‍മാരാണ്.  വൃത്തിയില്ലെന്നതിനു പുറമെ   പോഷകസമ്പുഷ്ടമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ബ്രിട്ടിഷുകാരന്റെ മകള്‍ ആരോപിച്ചിരുന്നു. ഇതിനോട്  മനോരമ ന്യൂസ്  കൗണ്ടര്‍ പോയന്റില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രതികരിച്ചത് ഇങ്ങനെ.

പഴങ്ങളും ഡ്രൈഫ്രൂട്ട്സും  ജ്യൂസുമടക്കം ഐസലേഷന്‍ വാര്‍ഡില്‍ നല്‍കുന്നുണ്ട്.  ഒാരോ മുറിയും ആറുതവണ വൃത്തിയാക്കുന്നുമുണ്ട്.