തിരക്കൊഴിഞ്ഞ് മെട്രോ നഗരങ്ങൾ; മഹാരാഷ്ട്രയിൽ 125 രോഗികൾ; ലോക്ഡൗൺ രണ്ടാം ദിനം

സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ രണ്ടാം ദിവസം രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളില്‍ തിരക്ക് കുറഞ്ഞു. മുംബൈ, ചെന്നൈ, ബെംഗളൂരു, നഗരങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 125 ആയി. 

ചെന്നൈ നഗരത്തില്‍ പോലും പരമാവധി ജനം പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുകയാണ്. കുടിവെള്ളത്തിനും അവശ്യ വസ്തുക്കള്‍ക്കും മാത്രമാണ് ആളുകള്‍ തെരുവിലിറങ്ങുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച നാലു ഇന്തോനേഷ്യന്‍ സ്വദേശികള്‍  തമിഴ്നാട്ടിലെ പ്രധാനപെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇവര്‍ സന്ദര്‍ശിച്ച കേന്ദ്രങ്ങളില്‍ ആസമയങ്ങളിലുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തി വീടുകളില്‍ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. തിരുച്ചിറപ്പള്ളിയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

കര്‍ണാടകയല്‍ ആകെ രോഗികളുടെ എണ്ണം 55 ആയി. ഇന്ന് 4 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരു നഗരത്തില്‍ മാത്രം 32 പേരാണ് രോഗബാധിതര്‍. 13246 പേര്‍ സംസ്ഥാനത്താകെ നിരീക്ഷണത്തിലുണ്ട്.

മുംബൈ നഗരത്തിലെ കലീനയിലെയും പരേലിലേയും ചേരികളിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.  ഇവിടെയുള്ള ആളുകളെ താല്‍ക്കാലിക താമസസ്ഥലത്തേയ്ക്ക് മാറ്റി നിരീക്ഷണത്തിലാക്കിയെന്നും ശുചീകരണപ്രവര്‍ത്തികള്‍ തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 50 കടന്നു. മഹാരാഷ്ട്രയില്‍ വരുന്ന ഒരാഴ്ച കൂടി ഇപ്പോഴത്തെ തോതില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.