റോഡിലിറങ്ങിയവരെ തടഞ്ഞു; വാഹനങ്ങള്‍ പിടിച്ചെടുത്തു; ലോക്ക് ഡൗൺ രണ്ടാം ദിനം

സമ്പൂര്‍ണ ലോക് ഡൗണിന്റെ രണ്ടാം ദിനവും സർക്കാർ നിർദേശങ്ങൾ ഗൗനിക്കാതെ ജനം പലയിടത്തും റോഡിലിറങ്ങി. ഇത്തരക്കാരെ തടഞ്ഞ് തിരിച്ചയച്ചതിനൊപ്പം നൂറിലേറെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കണ്ണൂരില്‍ 94 പേരെ അറസ്റ്റ് ചെയ്തു. യാത്രക്ക് പാസ് എടുക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കൂടുതല്‍ അവശ്യവിഭാഗങ്ങളെ ഒഴിവാക്കി പൊലീസ് ഉത്തരവിറക്കി. 

രാവിലെ എട്ടിന് തിരുവനന്തപുരം പാപ്പനംകോട് ജങ്ഷനിലെ തിരക്കാണിത്. ഭൂരിഭാഗം പേരും കാഴ്ചകാണാനും തമാശയ്ക്കും വണ്ടിയെടുത്തിറങ്ങിയവരാണ്. ഒടുവില്‍ പൊലീസ് നടപടി കടുപ്പിച്ചു.

ഒന്നെങ്കില്‍ പൊലീസ് നിര്‍ദേശിക്കുന്ന സത്യവാങ്മൂലം കൈവശം വയ്ക്കണം. അല്ലങ്കില്‍ അവശ്യവിഭാഗത്തിലെ ജോലിയെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കണം. എല്ലാവരും സത്യവാങ്മൂലവുമായി ഇറങ്ങിയതോടെ ഏതാണ് സത്യം ഏതാണ് കള്ളം എന്ന് അറിയാതെ പൊലീസ് വലഞ്ഞു. തിരുവന്തപുരം നഗരാതിർത്തിയായ കുണ്ടമൺകടവിൽ ബാരിക്കേഡ് വെച്ച് പൊലീസിന് തടയേണ്ടി വന്നു.

തലസ്ഥാനത്ത് നിന്ന് കൊച്ചിയിലെത്തുമ്പോഴും റോഡിലെ തിരക്കിനും അനാവശ്യയാത്രക്കും ഒരു കുറവുമില്ല. അനാവശ്യയാത്രക്കിറങ്ങിയ ബൈക്ക് യാത്രക്കാരന്റെ താക്കോല്‍ ഊരിയെടുത്ത് നടപടി കടുപ്പിക്കുന്ന കാഴ്ചയാണ് കോഴിക്കോട് കണ്ടത്

കണ്ണൂരില്‍ റൂട്ട് മാര്‍ച്ച് നടത്തിയ പൊലീസ് വിലക്ക് ലംഘിച്ചിറങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തു. കര്‍ശന നടപടികള്‍ക്കൊടുവില്‍ ഉച്ചയോടെ റോഡിലെ തിരക്ക് കുറയ്ക്കാനാവുമെന്ന പൊലീസിൻെ കരുതൽ തെറ്റി .പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ നമ്മുടെ സുരക്ഷയ്ക്കാണെന്ന തിരിച്ചറിവ് ഇനിയും പലര്‍ക്കും വന്നിട്ടില്ലെന്നത് ആശങ്കയായി തുടരുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അനുസരിക്കാതെ അനാവശ്യയാത്രക്കിറങ്ങുന്നവരുടെ വാഹനത്തിൻെ റജിസ്ട്രേഷൻ റദ്ദാക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് തീരുമാനിച്ചു.  ആദ്യം നോട്ടീസ് നല്‍കിയ ശേഷമാകും നടപടി .നൂറിലേറെ വാഹനങ്ങള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കി.