മണ്ണ് കടത്തൽ; പരാതി ശുദ്ധ അസംബന്ധമെന്ന് മന്ത്രി; വെട്ടിലായി യുഡിഎഫ്

തൃശൂര്‍ അരണാട്ടുകരയില്‍ ടാഗോര്‍ ഹാള്‍ നവീകരണത്തിന്റെ മറവില്‍ മണ്ണ് കടത്തിയെന്ന യു.ഡി.എഫിന്റെ ആക്ഷേപം ശുദ്ധ അസംബന്ധമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. മണ്ണ് മാറ്റിയതിന്റെ എല്ലാ അനുമതിയും രേഖകളും കോര്‍പറേഷന്‍റെ പക്കലുണ്ടെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കി. 

അരണാട്ടുകര ടാഗോര്‍ ഹാള്‍ നവീകരിക്കാന്‍ കുഴിയെടുത്തിരുന്നു. ഇതിലെ, മണ്ണ് നീക്കിയതിന് എതിരെ ആരോപണവുമായി യു.ഡി.എഫ് പ്രക്ഷോഭം നടത്തിയിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അരണാട്ടുകരയില്‍ എത്തിയത്. ടാഗോര്‍ ഹാള്‍ നിര്‍മാണ സ്ഥലം മന്ത്രി നേരിട്ടെത്തി സന്ദര്‍ശിച്ചു. കോര്‍പറേഷന്‍ ഭരണസമിതിക്കൊപ്പമായിരുന്നു സന്ദര്‍ശനം. പഴയ ഹാള്‍ പുതുക്കി പണിയാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. പദ്ധതിയുടെ ജനകീയ നേട്ടം എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കുമോയെന്ന സംശയമാണ് യു.ഡി.എഫിന്റെ അനാവശ്യ സമരത്തിന് കാരണമെന്ന് ആരോപണമുണ്ട്. മണ്ണ് കടത്തി ലാഭമുണ്ടാക്കിയെന്നയു.ഡി.എഫിന്റെ ആരോപണം മന്ത്രി നിഷേധിച്ചു.

മണ്ണു മാറ്റിയ സംഭവം കോര്‍പറേഷന്‍ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് പ്രചാരണ ആയുധമാക്കാനായിരുന്നു യു.ഡി.എഫിന്റെ പദ്ധതി. മന്ത്രി വി.എസ്.സുനില്‍കുമാര്‍ നേരിട്ടെത്തി ആരോപണം പ്രതിരോധിച്ചതോടെ വെട്ടിലായത് യു.ഡി.എഫാണ്.