പൊട്ടിത്തെറി, പിടഞ്ഞ് വീണ് കാക്ക; ഒടുവിൽ പുതുജീവിതത്തിലേക്ക്

വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റു വീണ കാക്കയെ രക്ഷിച്ച് അഗ്നിശമനസേന. തൃശൂര്‍ വടക്കാഞ്ചേരി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് കാക്കയ്ക്കു പുതുജീവന്‍ നല്‍കിയത്. 

വടക്കാഞ്ചേരി ഫയര്‍ഫോഴ്സ് ഓഫിസിനു തൊട്ടടുത്തുള്ള ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് പൊട്ടിത്തെറി കേട്ടു. ഉദ്യോഗസ്ഥര്‍ കണ്ടതാകട്ടെ നിലത്തു വീണ് പിടയുന്ന കാക്കയെ. ഉദ്യോഗസ്ഥര്‍ ഉടനെ കാക്കയ്ക്കു പ്രഥമ ശുശ്രൂഷ നല്‍കി. കാക്കയെ കയ്യിലെടുത്തുള്ള പ്രഥമ ശുശ്രൂഷ ഫലം കണ്ടു. കണ്ണുകള്‍ അടഞ്ഞു തുടങ്ങിയ നിലയിലായ കാക്ക സാവധാനം ഉണര്‍ന്നു. കുറച്ചു നേരം കൂടി പരിചരണം തുടര്‍ന്നതോടെ കാക്ക സുഖം പ്രാപിച്ചു. 

അല്‍പസമയത്തിനകം ഉദ്യോഗസ്ഥരുടെ കൈകളില്‍ നിന്ന് കാക്ക പറന്നകന്നു. കാക്കയുെട ജീവന്‍ രക്ഷിച്ചതിന്റെ സംതൃപ്തിയില്‍ ഉദ്യോഗസ്ഥരും മടങ്ങി. വൈദ്യുതാഘാതം ഏറ്റാലും വെള്ളത്തില്‍ വീണാലും പ്രഥമ ശുശ്രൂഷ നല്‍കാനായാല്‍ ജീവന്‍ രക്ഷിക്കാമെന്നതിന്റെ തെളിവായി ഉദ്യോഗസ്ഥര്‍ ഈ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തു. ആദ്യ അഞ്ചു മിനിറ്റില്‍ നല്‍കുന്ന പ്രാഥമിക ചികില്‍സയുെട പ്രധാന്യം കൂടി വെളിപ്പെടുത്തുന്നതാണ് ഈ ദൃശ്യം.