വിദ്യാ‍ർഥികളുടെ അപകട മരണം: കെ.എസ്.ആര്‍.ടി.സി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുചക്രവാഹനവുമായി കൂട്ടിയിച്ച് രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. മോട്ടോര്‍വാഹന വകുപ്പ് ബസ് ഓടിച്ച് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില‍ാണ് നടപടി. 

ഈ മാസം 13 ന് പെരുമ്പാവൂര്‍ കീഴില്ലം സെൻ്റ് തോമസ് സ്കൂളിന് സമീപം കെ എസ് ആർ ടി സി ബസും ഇരുചക്രവാഹനവും കൂട്ടയിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട ബസ് പെരുമ്പാവൂർ ജോയിന്റ് ആർ ടി ഒ യുടെ നേതൃത്വത്തിൽ എം സി റോഡിൽ ഓടിച്ച് പരിശോധിച്ചു. വാഹനത്തിന്റെ സ്പീഡ് ഗവർണർ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ വേഗത അനുവദനീയമായ പരിധിയും കടന്ന് പോകുന്നതായി കണ്ടെത്തി.  അപകടംമൂലമുണ്ടായ തകരാറുകൾകൂടി കണക്കിലെടുത്ത് വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദുചെയ്തു. അപകടം നടന്ന സ്ഥലം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഓവർ ടേക്കിംഗ് നിരോധിച്ച വളവിൽ റോഡിന്റെ മധ്യഭാഗത്ത് വെള്ളവരയും മറികടന്നാണ് എതിർദിശയിൽവന്ന വിദ്യർത്ഥികളുടെ വാഹനത്തില്‍ ബസ് ഇടിച്ചത്. ഐ.പി.സി മുന്നൂറ്റിനാലാം വകുപ്പുപ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസ്. ‍ഡ്രൈവര്‍ ഒളിവിലാണ്.  ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടോര്‍വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്.