മതസ്വാതന്ത്ര്യവും ഭരണഘടനാ ധാര്‍മികതയും

മതസ്വാതന്ത്ര്യവും മൗലികാവശങ്ങളും സംബന്ധിച്ച വ്യാഖ്യാനങ്ങള്‍ക്കായി സുപ്രീംകോടതി ഒന്‍പതംഗ ബെഞ്ചില്‍ വാദം തുടങ്ങിക്കഴിഞ്ഞു. ഭരണഘടനയുടെ ഇരുപത്തിയഞ്ചും ഇരുപത്തിയാറും അനുച്ഛേദങ്ങളുടെ വ്യാഖ്യാനമാണ് മുഖ്യം. വ്യക്തിയുടെയും സമുദായത്തിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെ പരിധികളെന്ത് എന്ന ചോദ്യത്തിനുളള ഉത്തരമാണ് സുപ്രീംകോടതി തേടുന്നത്. ഈ വലിയ ചോദ്യത്തിന്‍റെ രണ്ട് ഉപചോദ്യങ്ങളായി മൂന്ന്, നാല് പരിഗണനാവിഷയങ്ങളെ കാണാം. 

പരിഗണനാവിഷയം 3) :  അനുച്ഛേദം 26 പ്രകാരം മതവിഭാഗങ്ങള്‍ക്കുള്ള പ്രവര്‍ത്തനസ്വാതന്ത്ര്യം മറ്റ് മൗലികാവകാശങ്ങള്‍ക്കൂടി ഉള്‍പ്പെട്ട ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് വിധേയമാണോ?  

പരിഗണനാവിഷയം 4): മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് പരിധി നിശ്ചയിക്കുന്ന സദാചാരം/ ധാര്‍മികത ( morality) എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്താണ്? ധാര്‍മികത എന്നാല്‍  ഭരണഘടനാ ധാര്‍മികത ആണോ? 

ശബരിമലയുടെ പുന:പരിശോധനയല്ല ഒന്‍പതംഗ ബെഞ്ചില്‍ നടക്കുന്നത് എന്ന് ബെഞ്ചുതന്നെ വ്യക്തമാക്കിയതാണ്. വിശാലനിയമപ്രശ്നങ്ങളാണ് പരിശോധിക്കുന്നത്.  പക്ഷേ, ശബരിമലയുടെ പുന:പരിശോധനാവേളയിലാണ് വിശാലബെഞ്ചിന്‍റെ രൂപീകരണം നടന്നതെന്നത് കാര്യങ്ങളെ സങ്കീര്‍ണമാക്കി. ഇതിന്‍റെ സാധുതതന്നെ ചോദ്യം ചെയ്യപ്പെട്ടെങ്കിലും കോടതി മുന്നോട്ടുപോയി. 

പൊതുക്രമം, ധാര്‍മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമാണ് മതസ്വാതന്ത്ര്യമെന്ന് ഭരണഘടന അനുച്ഛേദം ഇരുപത്തിയഞ്ചും ഇരുപത്തിയാറും പറയുന്നു. എന്താണ് ഈ ധാര്‍മികതയെന്ന് ഭരണഘടന നിര്‍വചിച്ചിട്ടില്ല. സുപ്രീംകോടതിയാണ് ഇതിനെ നിര്‍വചിച്ചുവന്നത്.

ശബരിമല വിധിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ഈ ധാര്‍മികത എന്നാല്‍ ഭരണഘടനാ ധാര്‍മികതയാണെന്ന് ഉറപ്പിച്ചുപറയുന്നു. വ്യക്തികളുടെയോ സമുദായങ്ങളുടെയോ ധാര്‍മികത കാലദേശങ്ങളില്‍ ബന്ധിതമായിരിക്കും. എന്നാല്‍ ഭരണഘടനാമൂല്യങ്ങളോടുള്ള പ്രതിബദ്ധത അഥവാ ഭരണഘടനാ ധാര്‍മികത സ്ഥായിയായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അക്ഷരാര്‍ഥത്തിലുള്ള വായനയില്‍നിന്നല്ല, മറിച്ച് ഇന്ത്യന്‍ ബഹുസ്വരതയെ ഉള്‍ക്കൊണ്ടുവേണം ഈ ആശയത്തെ മനസിലാക്കാനെന്ന് ദീപക് മിശ്ര പറയുന്നു. തുല്യതയ്ക്കും അന്തസിനുമുള്ള വ്യക്തിയുടെ മൗലികാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന  ഭരണഘടനാ ധാര്‍മികതയ്ക്ക് എതിരാണ് സ്ത്രീകളെ അകറ്റിനിര്‍ത്തുന്ന ശബരിമലയിലെ ആചാരമെന്ന് ജഡ്ജിമാര്‍ വിലയിരുത്തുന്നു. അതിനാല്‍ അനുച്ഛേദം ഇരുപത്തിയാറിലൂടെ സമുദായത്തിന് ലഭിച്ചിരിക്കുന്ന അവകാശം ഈ ധാര്‍മികതയ്ക്ക് നിരക്കാത്തതിനാല്‍ നിലനില്‍ക്കില്ല. എന്നാല്‍ അനുച്ഛേദം ഇരുപത്തിയഞ്ചനുസരിച്ച്,  ശബരിമലയില്‍ ആരാധന നടത്താനുള്ള സ്ത്രീയുടെ മൗലികാവകാശത്തെ ഇത് പരിമിതപ്പെടുത്തുന്നുമില്ല. 

എന്നാല്‍ ഭൂരിപക്ഷവിധിയെഴുതിയ മൂന്ന് ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് നരിമാന്‍ ഇതിനോട് യോജിച്ചിട്ടില്ല. ധാര്‍മികതയെ ഭരണഘടനാ ധാര്‍മികതയായി വ്യാഖ്യാനിക്കുന്നത് ഉചിതമാകില്ലെന്ന് നരിമാന്‍ പറയുന്നു. ചൂഷണങ്ങള്‍, ഇകഴ്ത്തലുകള്‍ തുടങ്ങി പൊതുവേ പരിഷ്കൃതസമൂഹത്തിന് ചേരാത്ത പ്രവര്‍ത്തനങ്ങളെയാണ് ധാര്‍മികതയ്ക്ക് നിരക്കാത്തതായി അദ്ദേഹം കാണുന്നത്. ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് അനുച്ഛേദങ്ങളില്‍ പരാമര്‍ശിക്കുന്ന ധാര്‍മികതയെ ഭരണഘടനാ ധാര്‍മികതയായി വ്യാഖ്യാനിച്ചാല്‍ അത് യുക്തിസഹമാകില്ലെന്ന് അദ്ദേഹം പറയുന്നു.  അനുച്ഛേദം 26,  ഭരണഘടനയുടെ മൗലികാവകാശങ്ങളെയാകെ പരാമര്‍ശിക്കുന്ന ഭാഗം മൂന്നിന്,  വിധേയമല്ല. അതുകൊണ്ട് ധാര്‍മികതയെ ഭരണഘടനാധാര്‍മികതയെന്ന് വ്യാഖ്യാനിച്ചാല്‍ അനുച്ഛേദം 26,  ഭാഗം മൂന്നിന് വിധേയമാണെന്ന നിലവരും. ഇത് വൈരുധ്യമാകുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. 

ഭരണഘടനാമൂല്യങ്ങളുടെ ആകെത്തുകയാണ് ഭരണഘടനാ ധാര്‍മികത എന്നുതന്നെയാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെയും നിലപാട്.  പല മതങ്ങളും സംസ്കാരങ്ങളുമുള്ള രാജ്യത്ത് ആ ബഹുസ്വരതകൂടി കൂടി ഉള്‍ക്കൊള്ളുന്നതാണ് ഭരണഘടന ധാര്‍മികത. വ്യക്തിയുടെയും സമുദായത്തിന്‍റെയും വിശ്വസസ്വാതന്ത്ര്യംകൂടി അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. തുല്യതയും വിവേചനമില്ലായ്മയും ഭരണഘടനാ ധാര്‍മികതയുടെ ഭാഗം തന്നെ. എന്നാല്‍ മതവിശ്വാസത്തിനുള്ള മൗലികാവകാശവും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ശബരിമലയില്‍ വിവേചനമില്ല. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യമെന്ന സ്വഭാവത്തിന്‍റെ പേരിലാണ് യുവതികളെ അനുവദിക്കാത്തത്.  അത് വിവേചനമായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് ഇന്ദു മല്‍ഹോത്ര പറയുന്നു.

മൗലികാവകാശങ്ങളെല്ലാം പരാമര്‍ശിക്കുന്ന ഭരണഘടനയിലെ ഭാഗം മൂന്നിന് വിധേയമല്ല.  മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യം അഥവാ അനുച്ഛേദം ഇരുപത്തിയാറ് എന്ന് ഉറപ്പിക്കുകയാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. അനുച്ഛേദം ഇരുപത്തിയാറിന് സവിേശഷമായ കവചമുണ്ടെന്ന് ഇന്ദു മല്‍ഹോത്ര സ്ഥാപിക്കുന്നു.  എന്നാല്‍ അനുച്ഛേദത്തിലെ വാക്കുകളില്‍ നേരിട്ട് പറഞ്ഞില്ലെങ്കിലും  ഭാഗം മൂന്നിന് വിധേയമാണ് അനുച്ഛേദം 26 എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിലയിരുത്തുന്നു. മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യം മറ്റ് മൗലികാവകാശങ്ങളെക്കാള്‍ താഴെയല്ല ( not subordinate to)  പക്ഷേ വിധേയമാണ് ( subject to) . ഭരണഘടനാമൂല്യങ്ങളുടെ വ്യഖ്യാനം നടത്തുമ്പോള്‍ ഒരു സന്തുലനം  പാലിക്കേണ്ടതുണ്ട്. മതവിഭാഗങ്ങളുടെ അവകാശംമാത്രം കവചിതമാണെന്ന് കരുതുന്നത് ആ സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിലയിരുത്തുന്നു. 

ചുരുക്കത്തില്‍,  ഭരണഘടനാ അനുച്ഛേദങ്ങളില്‍ രേഖപ്പെടുത്തിയ ധാര്‍മികതയ്ക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് ജഡ്ജിമാര്‍ നല്‍കിയിരിക്കുന്നത്. നാലുപേര്‍ അതിനെ ഭരണഘടനാ ധാര്‍മികതയെന്ന് വിളിച്ചപ്പോള്‍ ഒരാള്‍ വിയോജിച്ചു.യോജിച്ച മൂന്നുപേര്‍ ഒരേരീതിയില്‍ വ്യാഖ്യാനിച്ചപ്പോള്‍ നാലാമത്തെയാള്‍  വിയോജിച്ചു. ഒന്‍പതംഗ ബെഞ്ചിന്‍റെ വ്യാഖ്യാനം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം. 

( തുടരും)