കാലാവസ്ഥ വ്യതിയാനവും കീടബാധയും; മാങ്ങാവിളയാത്ത മാംഗോസിറ്റിക്ക് നിരാശ

കാലാവസ്ഥ വ്യതിയാനവും കീടബാധയും മുതലമടയിലെ മാവു കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പൂക്കള്‍ കരിഞ്ഞുപോയതിലൂടെ രണ്ടു മാസത്തിനുളളില്‍ എണ്‍പതുശതമാനം ഉല്‍പ്പാദനം കുറഞ്ഞു. കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും വന്‍ നഷ്ടമാണുണ്ടാകുന്നത്. 

കാലാവസ്ഥാവ്യതിയാനത്തിന്റെ ദൂരവ്യാപകമായ ദുരിതമാണ് മുതലമടയിലെ കര്‍ഷകര്‍ നേരിടുന്നത്. മാങ്ങാവിളയാത്ത മാംഗോസിറ്റിക്ക് നിരാശമാത്രം. മാമ്പൂക്കൾ വിടരാൻ വൈകി. പൂത്ത മാവുകളിലാകട്ടെ പൂവും ചെറിയ മാങ്ങയും ശുഷ്കമായി കരിഞ്ഞുപോയി. ഇലപ്പേനുകളുടെ ആക്രമണമാണ് മറ്റൊന്ന്. മാവിന്‍ പൂവുകളിലെ നീര് ഉൗറ്റിക്കുടിക്കുന്നതാണ് ഇലപ്പേൻ കീടബാധയുടെ ദോഷം.

വൃശ്ചികത്തിലെ കാറ്റും രാവിലത്തെ തണുപ്പും പിന്നീടുള്ള ചൂടുകാലാവസ്ഥയും മാങ്ങ പാകമാകാന്‍ ആവശ്യമാണ്. എന്നാല്‍ രാത്രിയിലെ ചൂടും തണുപ്പും നവംബറിലെ മഴയും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. വിളവെടുപ്പില്ലാതായി വിപണി നഷ്ടപ്പെടുന്നതിലൂെട കര്‍ഷകര്‍ക്ക് മാത്രമല്ല കച്ചവടക്കാരും പ്രതിസന്ധിയിലാണ്.

മുന്‍കൂര്‍ പണം നല്‍കി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി കരാര്‍ ഏറ്റെടുത്തവരും മാങ്ങയില്ലാതെ വിഷമിക്കുകയാണ്. നല്ല വിളവ് പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും വന്‍തിരിച്ചടിയാണുണ്ടായത്.