രാഷ്ട്രീയം നിയമനങ്ങളില്‍ വിലങ്ങുതടിയാവരുത്; വിമര്‍ശിച്ച് പി വി കുഞ്ഞികൃഷ്ണന്‍

വ്യക്തികളുടെ രാഷ്ട്രീയം നിയമനങ്ങളില്‍ വിലങ്ങുതടിയാകരുതെന്ന് ഹൈക്കോടതി ജഡ്ജിയായി ചുമലയേറ്റ ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍. ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തിലാണ് സ്വന്തം നിയമനം വൈകിയതിനെ പരോക്ഷമായി വിമര്‍ശിച്ചത്.  

രണ്ടര പതിറ്റാണ്ട് പിന്നിട്ട ഹൈക്കോടതിയില‍െ അഭിഭാഷക ജീവിതത്തിനുശേഷം പി.വി.കുഞ്ഞിക്കൃഷ്ണന്‍ ജഡ്ജിയായി ചുമതലയേറ്റു. ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അഭിഭാഷക സമൂഹം പുതിയ ജഡ്ജിക്ക് സ്വാഗതമോതി. 2018 തുടക്കത്തില്‍ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തെങ്കിലും രണ്ടുവര്‍ഷത്തിനുശേഷമാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍റെ നിയമനം നടന്നത്. കാത്തിരിപ്പ് വേദനാജനകമാണെന്ന് പറഞ്ഞ ജസ്റ്റിസ് നടപടി ക്രമങ്ങളുടെ തീയതികള്‍ എടുത്തു പറഞ്ഞു.

വ്യക്തികളുടെ രാഷ്ട്രീയം നിയമനങ്ങളില്‍ വിലങ്ങുതടിയാകരുതെന്ന മുന്‍ ജഡ്ജിമാരുടെ കുറിപ്പുകളും, കോടതി വിധികളും ഉദ്ധരിക്കാനും ജസ്റ്റിസ് മറന്നില്ല. പിതാവും സിനിമാതാരവുമായ പി.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും, സഹോദരീ ഭര്‍ത്താവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അടക്കമുള്ള കുടുംബാംഗങ്ങളും ചടങ്ങുകള്‍ക്ക് സാക്ഷിയായി.