ഉത്തരവ് നടപ്പാക്കിയില്ല; പൊലീസിനെ കുടഞ്ഞ് മനുഷ്യാവകാശ കമ്മീഷന്‍

പൊലിസിനെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കാന്‍ ഡിജിപി ബാധ്യസ്ഥനാണെന്നും  ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും കമ്മീഷന്‍ അംഗം പി. മോഹന്‍ദാസ് തുറന്നടിച്ചു. പൊതുജനങ്ങളെ മോശം വാക്കുപയോഗിച്ച്  അഭിസംബോധന ചെയ്യരുതെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെയായിരുന്നു വിമര്‍ശനം. 

  

പൊതുജനങ്ങളെ മിസ്റ്റര്‍ എന്നോ സാര്‍ എന്നോ മാഡം എന്നോ വിളിച്ച് മാത്രമേ പൊലിസ് അഭിസംബോധന ചെയ്യാവൂ എന്നാണ് 2017ലെ മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. പൊലിസും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കുന്നതിന് വേണ്ടി കൂടിയായിരുന്നു നടപടി. എന്നാല്‍ വര്‍ഷം മൂന്നായിട്ടും ഉത്തരവ് നടപ്പായിട്ടില്ല. ഇതിനെതിരെയാണ് കമ്മീഷന്‍റെ രൂക്ഷവിമര്‍ശനം. 

സാധാരണക്കാര്‍ക്ക് ഇന്നും അപ്രാപ്യമാണ് പൊലിസ് സ്റ്റേഷന്‍. ഈ സ്ഥിതിവിശേഷം മാറണം. വാദി പ്രതിയാകുന്ന സാഹചര്യവും ഉണ്ടാകരുത്.

2011ലെ പൊലിസ് ആക്ടിലും പെരുമാറ്റത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. എല്ലാ പൊലിസ് ഉദ്യോഗസ്ഥരോടും കുറഞ്ഞത് ഇതൊന്ന് വായിക്കാനെങ്കിലും പറയണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.