വാതിലുകളും ജനാലകളുമുൾപ്പടെ അടിച്ചുമാറ്റി, ഉടമ അറിഞ്ഞത് വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടപ്പോൾ

ആൾതാമസമില്ലാത്ത വീട്ടിന്റെ വാതിലുകളും ജനാലകളും ഇളക്കി മാറ്റി ഉള്ളിലുണ്ടായിരുന്ന ഫർണിച്ചറും മുകളിൽ പാകിയിരുന്ന ഓടും മോഷ്ടിച്ചു. ഉടമസ്ഥൻ അറിയുന്നത്, പഴയ ഫർണിച്ചർ വിൽക്കുന്ന കടയിൽ സ്വന്തം വീട്ടിലെ ഉപകരണങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടപ്പോൾ‍! നാവായിക്കുളം എസ്.കെ.മൻസിലിൽ സി.രാകേഷിന്റെ കരവാരം പറക്കുളം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് മോഷണം. എട്ടു വാതിലുകൾ,10 ജനാല,രണ്ടു കട്ടിൽ,അലമാര, മച്ചിലെ തടികൾ എന്നിവയാണ് പ്രധാനമായും മോഷണം പോയത്.

വഴിത്തർക്കവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുള്ളതിനാൽ ഒന്നര വർഷമായി നാവായിക്കുളത്ത് വാടക വീട്ടിലാണ് താമസമെന്ന് രാകേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒരാഴ്ചയ്ക്കു മുൻപ് നാവായിക്കുളത്തെ പഴയ ഫർണിച്ചറുകൾ വിൽക്കുന്ന കടയിൽ ഇദ്ദേഹത്തിന്റെ വീട്ടിലുള്ളതു പോലുള്ള ഫർണിച്ചർ  വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും മോഷണം പോയ അതേ സാധനങ്ങളാണ് കടയിൽ കണ്ടതെന്ന് ബോധ്യമായത്. മോഷണ മുതലാണെന്ന് കടക്കാരും അറിഞ്ഞിരുന്നില്ല. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പരാതിയിൽ പറയുന്നു. അന്വേഷണം തുടങ്ങി.