ഇടുക്കിയിൽ എയർസ്ട്രീപ്പ്; ഫാം ടൂറിസത്തിന് മുന്‍ഗണന; 1000 കോടിയുടെ പാക്കേജ്

ഇടുക്കി ജില്ലയുടെ സമഗ്രവികസനത്തിന് ആയിരം കോടിയുടെ പ്രത്യേക പായ്ക്കേജ്. കഴിഞ്ഞ ബഡ്ജറ്റിലെ   അയ്യായിരം കോടിയുടെ ഇടുക്കി പുനര്‍ജനി പായ്ക്കേജ്  നടപ്പിലാകാത്തതിന് പിന്നാലെയാണ് വീണ്ടും പ്രഖ്യാപനം. കോടികളുടെ പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജനതയെ വഞ്ചിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.

കൃഷി, മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സംസ്ഥാന ബഡ്ജറ്റില്‍ 1000 കോടി രൂപയാണ് ഇടുക്കി ജില്ലയ്ക്ക് അനുവദിച്ചത്. വട്ടവടയിലെ ശീതകാലവിളകൾക്ക് പ്രത്യേക പരിഗണന നൽകും.  പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി  പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കും. 

തോട്ടം തൊഴിലാളികളുടെ പാർപ്പിട പദ്ധതി ലൈഫ് മിഷന്റെ ഭാഗമാക്കും. ടൂറിസം ക്ലസ്റ്ററുകളും സെർക്യൂട്ടുകളും ആവിഷ്കരിക്കും. ഫാം ടൂറിസത്തിനാണ് മുൻഗണന.  ഇടുക്കിയിൽ എയർസ്ട്രീപ്പ് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കഴിഞ്ഞ ബഡ്ജറ്റില്‍  ജില്ലയെ തഴഞ്ഞെങ്കിലും പിന്നീട് ബഡ്ജറ്റ് മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച 5000 കോടിയുടെ ഇടുക്കി പുനര്‍ജനി പായ്ക്കേജിന്റെ അവസ്ഥയാകുമോ ഈ പ്രഖ്യാപനത്തിനും എന്നാണ് വ്യക്തമാകേണ്ടത്.