കണ്ണൂരിലെ അക്രമരാഷ്ട്രീയം തോറ്റു, അസ്ന ജയിച്ചു; ഡോക്ടറായി പുതുജീവിതം

കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെയിരയായി കേരളത്തിന്റെ മുഴുവൻ നോവായി മാറിയ ചെറുവാഞ്ചേരിയിലെ അസ്ന ഇന്ന് പുതുജീവിതത്തിന് തുടക്കമിട്ടു. പാട്യം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായി അസ്ന ജോലിയിൽ പ്രവേശിച്ചു. ആറാം വയസിലാണ് ബിജെപി പ്രവർത്തകരുടെ ബോംബേറിൽ അസ്നയുടെ ഒരു കാൽ നഷ്ടമായത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനിടെ 2000 സെപ്റ്റംബർ 27 ന് ചെറുവാഞ്ചേരിയിലുണ്ടായ ബോംബേറിലാണ് അസ്നയ്ക്കു വലതുകാൽ നഷ്ടപ്പെട്ടത്. അന്ന് ആറുവയസുകാരിയായ അസ്ന ബൂത്തിനു സമീപത്തു വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ബോംബേറ്. മൂന്നു മാസത്തെ ആശുപത്രിവാസത്തിനിടെ ലഭിച്ച ഡോക്ടർമാരുടെ സ്നേഹവും പരിചരണവുമാണ്, ഡോക്ടറാവുക എന്ന ആഗ്രഹം ഈ പെൺകുട്ടിയിൽ വളർത്തിയത്. നടക്കാൻ പോലുമാകാത്ത ഒരു കുഞ്ഞിന്റെ വ്യർഥസ്വപ്നം എന്നു സഹതപിച്ചവരുണ്ട്. പക്ഷേ, നാടും നാട്ടുകാരും പ്രിയപ്പെട്ടവരുമെല്ലാം  ഒപ്പം നിന്നതോടെ അസ്നയുടെ സ്വപ്നം യാഥാർഥ്യമായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയശേഷം കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽകാലിക ജോലിക്കായി അസ്ന പാട്യം പഞ്ചായത്തിൽ അപേക്ഷ നൽകുകയായിരുന്നു.  

മകളുടെ സ്വപ്നത്തിന് തണലൊരുക്കി ഒപ്പം നിന്ന അച്ഛൻ നാണുവിനും ഇത് സന്തോഷത്തിന്റെ മുഹൂർത്തം. അസ്നയുടെ  ഉപരിപഠനമുൾപ്പെടെ ഇനിയും സ്വപ്നങ്ങൾ ഏറെയുണ്ട് ഈ അച്ഛന്. മധുരപലഹാരങ്ങൾ വിതരണം ചെയ്ത് നാട്ടുകാരും അസ്നയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ പങ്കെടുത്തു.നടന്നു തുടങ്ങിയ പ്രായത്തിൽ കാൽ നഷ്ടമാക്കിയവരോട് മനസ്സിൽ പകയില്ല. ഡോക്ടറുടെ ജോലി ചെയ്യുമ്പോൾ എല്ലാവരെയും സ്നേഹിക്കാനല്ലേ കഴിയൂ എന്നാണ് അസ്നയുടെ പക്ഷം. ഈ പെൺകുട്ടി ജീവിതത്തിൽ വിജയിക്കുമ്പോൾ തോൽക്കുന്നതു കണ്ണൂരിലെ അക്രമരാഷ്ട്രീയമാണ്.