കൊറോണ; ചികിത്സയിൽ വിശ്വാസം വരാൻ ഉപദേശിച്ചത് 3 മണിക്കൂർ

ചികിത്സയിൽ ‘വിശ്വാസ’മില്ലാത്തവരും മുൻകരുതൽ നിർദേശങ്ങൾ ഗൗരവമായി എടുക്കാത്തവരും ആരോഗ്യ വകുപ്പിന്റെ കൊറോണ പ്രതിരോധ ശ്രമങ്ങൾക്കു വിലങ്ങുതടിയാകുന്നു.

ചികിത്സയിൽ വിശ്വാസമില്ലാത്ത പ്രത്യേക മതവിഭാഗത്തിൽപെട്ട കുടുംബത്തിലെ പെൺകുട്ടി ചൈനയിലെ വുഹാനിൽ നിന്നു തിരിച്ചെത്തിയിരുന്നു. തൃശൂർ സ്വദേശിയായ പെൺകുട്ടിയോടു കരുതൽ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും കുടുംബം സമ്മതിച്ചില്ല.

മന്ത്രി നിയോഗിച്ച സംഘം കുടുംബത്തെ 3 മണിക്കൂറോളം ഉപദേശിച്ച ശേഷമാണു ചികിത്സയ്ക്കു തയാറായത്. ഇതെത്തുടർന്നു പെൺകുട്ടിയെ ഐസലേഷൻ വാർഡിലാക്കി. സ്രവം പരിശോധനയ്ക്ക് അയച്ചു. വീട്ടുകാർ കരുതൽ നിരീക്ഷണത്തിലാണ്.

ഇപ്പോൾ കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിക്കൊപ്പം വിമാനത്തിലാണ് ഈ പെൺകുട്ടിയും വന്നത്. പനി ബാധിച്ചിട്ടുമുണ്ട്. ഫോൺ വിളിച്ചിട്ടു പ്രതികരിക്കാത്തതിനാൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തുകയായിരുന്നു.