ഭൂസമരങ്ങളുടെ നായകന് പത്മശ്രീ തിളക്കം; ഇത് സമരവീര്യത്തിനുള്ള അംഗീകാരം

പട്ടികവിഭാഗക്കാരുടെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തം വീടിനെ കുറിച്ച് ചിന്തിക്കാന്‍ മറന്ന വ്യക്തിയാണ് ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയ എം.കെ.കുഞ്ഞോള്‍. ഒട്ടേറെ ഭൂസമരങ്ങളുടെ നായകനായിരുന്ന കുഞ്ഞോളിന്‍റെ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വാടക വീട്ടിലേക്കാണ് പുരസ്കാരം എത്തുന്നത്.

പട്ടികവിഭാഗത്തില്‍ പെട്ടവരുടെ ഭൂ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു എംകെ കുഞ്ഞോളിന്‍റെ ജീവിതം. എഴുപതുകളില്‍ കോതമംഗലം കുട്ടന്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണിയില്‍ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടി നടത്തിയ പോരാട്ടമാണ് കുഞ്ഞോളിന്‍റെ ജീവിതം മാറ്റിമറിക്കുന്നത്. ആദ്യസമരം വിജയിച്ചതോടെ കുഞ്ഞോള്‍ പട്ടികവിഭാഗക്കാരുടെ ഭൂസമരങ്ങളുടെ നായകത്വം ഏറ്റെടുത്തു. മൂവാറ്റുപുഴ മണിയന്‍തടം കോളനിയില്‍ പട്ടികവിഭാഗക്കാരുടെ ഭൂമി ഭൂമാഫിയ തട്ടിയെടുത്തതിന് എതിരെ സമരത്തിനിറങ്ങി. പൊലീസ് അനീതിക്കെതിരെ കോതമംഗലം പൊലീസ് സ്റ്റേഷനു മുന്നില്‍ 382 ദിവസമാണ് കുഞ്ഞോള്‍ സമരം നടത്തിയത്. ഒടുവില്‍ ഗവര്‍ണര്‍ ഇടപെടേണ്ടി വന്നു സമരം തീരാന്‍. ആ സമരവീര്യത്തിനും നിശ്ചയദാര്‍ഡ്യത്തിനുമുള്ള അംഗീകാരമാണ് എണ്‍പത്തിരണ്ടാം വയസിലെ പത്മശ്രീ പുരസ്കാരം.

67ല്‍ കുന്നത്ത്നാട് നിന്ന് നിയമസഭയിലേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ആദി ഭാരതീയ ജനതാ പരിഷത്ത് സ്ഥാനാർത്ഥിയായും മല്‍സരിച്ചിട്ടുണ്ട് കുഞ്ഞോള്‍. എല്ലാ കാര്യങ്ങളിലും വേറിട്ട് ചിന്തിക്കുന്ന കുഞ്ഞോളിന്‍റെ രീതി മക്കളുടെ പേരിലും കാണാം. അംബേദ്കര്‍, ഗോള്‍ഡാമേയര്‍, ദേവന്‍ കിങ്, സായിലക്ഷ്മി, അമൃതാനന്ദമയി, ദേവദാസ് എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മകന്‍ ദേവന്‍ കിങ്ങിനൊപ്പം കുറുപ്പംപടി മുടിയകരയിലെ വാടകവീട്ടിലാണ് ഇപ്പോള്‍ താമസം.