ബിപിന്‍ റാവത്തിനു പത്മവിഭൂഷണ്‍; ഗുലാം നബിയ്ക്കും ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷൻ

സംയുക്ത സേനമേധാവി ജനറല്‍ ബിപിന്‍ റാവത്തിനും യുപി മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനും പത്മവിഭൂഷണ്‍. നാല് മലയാളികള്‍ക്ക് പത്മശ്രീ പുരസ്ക്കാര തിളക്കം. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനും ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍ പുരസ്ക്കാരം നല്‍കും. കോവിഡ് വാക്സീന്‍ നിര്‍മാതാക്കളും പത്മപുരസ്ക്കാരത്തിന് അര്‍ഹരായി.

130 പേര്‍ക്കാണ് ഇത്തവണ പത്മപുരസ്ക്കാരം. കവി പി നാരായണകുറുപ്പ്, കളരി ഗുരുക്കള്‍ ശങ്കരനാരായണ മേനോന്‍ ചുണ്ടയില്‍, വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ െഎപ്പ്, സാക്ഷരതപ്രവര്‍ത്തക കെ.വി റാബിയ എന്നിവര്‍ പത്മശ്രീയ്ക്ക് അര്‍ഹരായി. ജനറല്‍ ബിപിന്‍ റാവത്തിനും കല്യാണ്‍ സിങ്ങിനുമൊപ്പം സംഗീതജ്ഞ പ്രഭാ ആത്രേയും പ്രസാധകന്‍ രാധേശ്യാം ഖേംകയും രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്ക്കാരമായ പത്മവിഭൂഷണിന് അര്‍ഹരായി. 

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്, ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, ഭാരത് ബയോടെക്ക് മേധാവിമാരായ കൃഷ്ണ എല്ല, സുചിത്ര എല്ല, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനവാല, മുന്‍ സിഎജി രാജീവ് മെഹര്‍ഷി, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ല, ഒഡിയ എഴുത്തുകാരി പ്രതിഭ റായ്, ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ആല്‍ഫബറ്റിന്‍റെ സിഇഒ സുന്ദര്‍ പിച്ചൈ, ടാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍, പാരാലിമ്പിക്സ്താരം ദേവേന്ദ്ര ജജാരിയ, ബംഗാളി നടന്‍ വിക്ടര്‍ ബാനര്‍ജി തുടങ്ങി 17 പേര്‍ക്കാണ് പത്മഭൂഷണ്‍. ഗായകന്‍ സോനു നിഗം, ഒളിംപിക്സ് മെഡല്‍ ജേതാവ് നീരജ് ചോപ്ര, തമിഴ് കവി സിര്‍പി ബാലസുബ്രഹ്മണ്യം, ജാമിയ മിലിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ എന്നിവരടക്കം 107 പേര്‍ പത്മശ്രീ പുരസ്ക്കാരത്തിന് അര്‍ഹരായി.