മുള്ളന്‍ പന്നിയെ വേട്ടയാടി; നാല് അസംകാരുള്‍പ്പെടെ അഞ്ച് അറസ്റ്റ്

മുള്ളന്‍ പന്നിയെ വേട്ടയാടിയതിന് നാല്  അസംകാരുള്‍പ്പെടെ രണ്ട് കേസുകളിലായി അഞ്ചുപേര്‍ അറസ്റ്റില്‍. തുഷാരഗിരിയോട് ചേര്‍ന്നുള്ള ജീരകപ്പാറ വനത്തിലാണ് കഴിഞ്ഞ രാത്രിയില്‍ ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ നായാട്ട് സംഘത്തെ പിടികൂടിയത്. വേട്ടയാടിയ പന്നിയും പാകം ചെയ്ത ഇറച്ചിയും ആയുധങ്ങളും താമരശ്ശേരി റേഞ്ച് വനപാലകര്‍ പിടികൂടി. 

പള്ളത്തില്‍ സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലെ തൊഴിലാളികളാണ് പിടിയിലായ ആസാമുകാര്‍. വനത്തിന്റെ വിവിധയിടങ്ങളില്‍ ഓട്ടോയുടെ ക്ലച്ച് വയര്‍ കൊണ്ട് കുരുക്കുണ്ടാക്കിയാണ് ഇവര്‍ പന്നിയെ പിടികൂടിയിരുന്നത്. പതിവായി പാകം ചെയ്ത് ഭക്ഷിക്കും. അവശേഷിക്കുന്നത് പിന്നീടുള്ള ദിവസങ്ങളിലേക്ക് കരുതുകയും ചെയ്യും. ഇവരുടെ വേട്ടയെക്കുറിച്ചറിഞ്ഞ് രാത്രിയില്‍ ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയിലാണ് സനാതന്‍ തപന, ഉജ്വല്‍ രാജ്പുത്, വല്‍ഫര്‍ രാജ്പുത്, ബിജോയ് പുര്‍തി എന്നിവര്‍ പിടിയിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടയില്‍ വനപാലകര്‍ വെടിയൊച്ച കേട്ടു. പിന്നാലെ നടത്തിയ തെരച്ചിലിലാണ് വേട്ടയാടിയ പന്നിയുമായി വരുന്ന ജീരകപ്പാറ സ്വദേശി ജോളി തോമസിനെ കണ്ടത്. കള്ളത്തോക്കുള്‍പ്പെടെ അറസ്റ്റ് ചെയ്തു. 

നേരത്തെയും പന്നിയെ പിടികൂടിയിട്ടുണ്ടെന്ന് ആസാമുകാര്‍ മൊഴി നല്‍കി. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്ന കാര്യം വനപാലകര്‍ പരിശോധിക്കും. പന്ത്രണ്ട് വര്‍ഷമായി തന്റെ കൈയ്യില്‍ തോക്കുണ്ടെന്നാണ് ജോളി തോമസിന്റെ മൊഴി. കൃഷി നശിപ്പിക്കുന്ന പന്നിയെ നിരവധി തവണ വെടിവച്ച് വീഴ്ത്തിയിട്ടുണ്ടെന്നും പറയുന്നു. ജോളി തോമസ് പതിവായി കോഴിക്കോട് നഗരത്തിലേക്ക് കാട്ടിറച്ചി കടത്തിയിരുന്ന ആളാണെന്ന് വനപാലകര്‍ക്ക് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ സമഗ്രമായി അന്വേഷിക്കും.