ശുദ്ധജലവിതരണത്തിലെ അനാസ്ഥ; ജല അതോറിറ്റിക്ക് രൂക്ഷവിമര്‍ശനം

എറണാകുളം ജില്ലയില്‍ ശുദ്ധമായ കുടിെവള്ളവിതരണം ഉറപ്പാക്കാനുള്ള നിയമസഭാസമിതി സിറ്റിങ്ങില്‍ ജല അതോറിറ്റിക്ക് രൂക്ഷവിമര്‍ശനം.  ശുദ്ധജലവിതരണത്തിന്റെ കാര്യത്തില്‍  ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നുവെന്ന പരാതിയാണ് സമിതി അധ്യക്ഷന്‍കൂടിയായ കെ.ബി.ഗണേഷ്കുമാറിന്റെ വിമര്‍ശനത്തിന് വഴിവച്ചത്. ഒാപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ എന്ന പേരില്‍ ജല അതോറിറ്റി ശുദ്ധജലം ഉറപ്പാക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.

ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരമില്ലായ്മ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജല അതോറിറ്റിതന്നെ ജില്ലയില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്ന് നിയമസഭാസമിതി നിര്‍ദേശിച്ചത്. എന്നാല്‍ വേണ്ടത്ര പമ്പിങ് പോയിന്റുകളില്ലാ‌ത്തതിനാല്‍ ജല അതോറിറ്റിയില്‍നിന്ന് ടാങ്കര്‍വഴി കുടിവെള്ളശേഖരിച്ച് ലഭ്യമാക്കുന്നതിന് തടസമുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതുള്‍പ്പടെ ജല അതോറിറ്റിയുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞായിരുന്നു ഗണേഷ്കുമാറിന്റെ വിമര്‍ശനം. 

മരടിലടക്കം കൂടുതല്‍ പമ്പിങ് പോയിന്റുകള്‍ സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ എല്ലാവരും സഹകരിക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ പര്യാപ്തമായ നടപടികള്‍ ഉറപ്പാക്കുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. അടുത്ത മാസവും സ്ഥിതി വി‌ലയിരുത്തുമെന്ന് തീരുമാനിച്ചാണ് സമിതി പിരിഞ്ഞത്.