നിയന്ത്രണം നഷ്ടപ്പെട്ടു; ലോറി പിന്നോട്ടുരുണ്ട് 6 വാഹനങ്ങൾ തകർത്തു; രക്ഷയായി എയർബാഗ്

കുറ്റിപ്പുറം: ദേശീയപാതയിലെ മൂടാലിൽ കയറ്റം കയറുന്നതിനിടെ ചരക്കു ലോറി പിന്നോട്ടുരുണ്ട് 6 വാഹനങ്ങൾ ഇടിച്ചു തകർത്തു. ലോറിക്കു പിന്നിലുണ്ടായിരുന്ന വിവിധ വാഹനങ്ങളിലെ 5 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. അപകടത്തിനിടയാക്കിയ ലോറിക്കു പിന്നിലുണ്ടായിരുന്ന കാർ പൂർണമായി തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് മൂടാൽ ബൈപാസ് ജംക്‌ഷനു സമീപത്തെ കയറ്റത്തിലാണ് അപകടം.

കോഴിക്കോട് ഭാഗത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്. കയറ്റം കയറുന്നതിനിടെ പിന്നിലേക്ക് ഇറങ്ങിയ ലോറി തൊട്ടുപിന്നിലുള്ള വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുന്നിലും പിന്നിലുമുണ്ടായിരുന്ന ലോറികൾക്കിടയിൽപെട്ട് കാർ തകർന്നെങ്കിലും എയർബാഗ് പ്രവർത്തിച്ചതിനാൽ കാറിലുണ്ടായിരുന്ന 3 യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ടിപ്പർ ലോറിയിലെ ഡ്രൈവർക്കും സ്കൂട്ടർ യാത്രികനുമാണ് പരുക്കേറ്റ മറ്റുള്ളവർ. ഇവരെ കുറ്റിപ്പുറം ഗവ. ആശുപത്രിയിലും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.