ഉപഭോക്താക്കൾക്ക് പാത്രങ്ങൾ?; പ്ലാസ്റ്റിക് നിരോധനത്തിൽ വലഞ്ഞ് മത്സ്യമാംസ വ്യാപാരികൾ

പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിക്കുമ്പോഴും അത് തല്‍ക്കാലികമായെങ്കിലും പ്രതിസന്ധിയുണ്ടാക്കുന്നതായി മല്‍സ്യമാംസ വ്യാപാരികള്‍. പതിവ്  ഉപഭോക്താക്കള്‍ക്ക് സ്ഥിരം ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ നല്‍കുന്ന കാര്യം ആലോചിക്കുന്ന കച്ചവടക്കാരുമുണ്ട്.

മല്‍സ്യവും മാംസവും വാങ്ങാന്‍ കൈവീശിയെത്തുന്ന ഉപഭോക്താക്കാള്‍ക്ക് പ്ലാസ്റ്റിക് കവറിന് പകരം നല്‍കാന്‍ സംവിധാനമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. പകരം നല്‍കുന്ന സഞ്ചികള്‍ക്ക് ഒരു കിലോയിലധികം താങ്ങാനുളള ശേഷിയില്ല.

പ്ലാസ്റ്റിക് നിരോധനത്തിനു മുന്‍പേ സാധനങ്ങള്‍ വാങ്ങാന്‍ പാത്രങ്ങളുമായി വരുന്ന ഒട്ടേറെപ്പേരുണ്ട്. സ്ഥിരം ഉപഭോക്താക്കള്‍ക്ക് പാത്രം നല്‍കുന്ന കാര്യം കച്ചവടക്കാര്‍ ആലോചിക്കുന്നുണ്ട്. മല്‍സ്യവും മാംസവും വാങ്ങാന്‍ വീണ്ടും ഇതേ ഉപഭോക്താവ് എത്തുബോള്‍ പാത്രം മറന്നു വച്ചതിന്റെ പേരില്‍ കച്ചവടം നഷ്ടമാകുമോ എന്ന ആശങ്കയാണ് പിന്തിരിപ്പിക്കുന്നത്.

ഉപഭോക്താക്കള്‍ മനസു വച്ചാല്‍, യാത്രയില്‍ സ്ഥിരം പാത്രം കരുതിയാല്‍ നിലവിലുളള പ്രയാസങ്ങളെ എളുപ്പം മറികടക്കാമെന്നാണ് വ്യാപാരികളുടെ പക്ഷം.