ഇനി പ്ലാസ്റ്റിക്കുമായി മൂന്നാറിലേക്ക് പോകേണ്ട; ഞെട്ടിക്കും പിഴ

മൂന്നാറിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാന്‍ ഹരിത ചെക്ക്‌പോയിന്റുകള്‍ സ്ഥാപിച്ച് മൂന്നാര്‍ പഞ്ചായത്തും ജില്ലാ ഹരിതമിഷനും. പദ്ധതിയുടെ ഉദ്ഘാടനം ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. 

പഴയമൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് ജലായശത്തിന് സമീപമാണ് പ്ലാസ്റ്റിക്ക്  പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആദ്യ ചെക്ക് പോയിന്റ് തുടങ്ങിയത്.  മൂന്നാറിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരുടെ വാഹനങ്ങളില്‍  പ്ലാസ്റ്റിക്കുണ്ടോയെന്ന് പരിശോധിച്ച ശേഷമെ    സന്ദര്‍ശനത്തിന് അനുവദിക്കുകയുള്ളു. വാഹനങ്ങളില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍ ശേഖരിച്ചശേഷം പകരം സൗജന്യമായി തുണിസഞ്ചികള്‍ നല്‍കി. 

ഇനിമുതല്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ കണ്ടെത്തിയാല്‍ പതിനായിരം മുതല്‍ ഇരുപത്തിയയ്യായിരം രൂപവരെ പിഴ ഈടാക്കും.  പദ്ധതിയുടെ ഭാഗമായി മൂന്നാര്‍ ടൗണില്‍ വിവിധ ബോധവല്‍കരണ പരിപാടികളും സംഘടിപ്പിച്ചു.