പ്ലാസ്റ്റിക്കിന് വിട; സ്ത്രീകളുടെ കൂട്ടായ്മയിൽ ഒരുങ്ങി 'സഹയോഗ്'

പ്ലാസ്റ്റിക്ക് നിരോധനത്തെ മറികടക്കാന്‍ തുണി സഞ്ചികള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു കൂട്ടം സ്ത്രീകള്‍. കൊയിലാണ്ടി നഗരസഭയുടെ സഹയോഗ് പദ്ധതിയിലൂടെയാണ് കുടുംബശ്രീയുടെ തുണിസഞ്ചികള്‍ ഉണ്ടാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു വീട്ടില്‍ ഒരു തുണി സഞ്ചി എന്നതാണ് ലക്ഷ്യം 

കഴിഞ്ഞ കുറച്ചു ദിവസമായി ഇവരെല്ലാം തിരക്കിലാണ്. പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് പകരം, വിതരണം ചെയ്യാനുള്ള തുണി  സഞ്ചികള്‍ ഉണ്ടാക്കുകയാണ്.കൊയിലാണ്ടി  നഗരസഭയുടെ കുടുംബശ്രീ ഹരിത കര്‍മ സേനാംഗങ്ങള്‍ 12 പേരാണ് നഗരസഭാ പരിധിയിലെ 44 വാര്‍ഡുകളിലേക്കാവശ്യമായ സഞ്ചികള്‍ ഉണ്ടാക്കുന്നത്. ജനുവരി ഒന്നിനു ഇരുപതിനായിരം സഞ്ചികള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഒാരോ വീട്ടിലേക്കും ഒരു തുണി സഞ്ചി എത്തിക്കുകയാണ് ആദ്യ പടി. 

വീടുകളില്‍ വിതരണം ചെയ്യുന്നതിനൊപ്പം വ്യാപാര സ്ഥാപനങ്ങളിലും തുണി സഞ്ചികള്‍ നല്‍കും. ഇതിനായി വ്യത്യസ്ത തരത്തിലുള്ള സഞ്ചികളും പെഴ്സുകളുമൊക്കെ ഇവര്‍ ഉണ്ടാക്കുന്നുണ്ട്. നഗരസഭാ പരിധിയിലെ പൊതു പരിപാടികളില്‍ നിലവില്‍ സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത് .സഹയോഗ് പദ്ധതിയുടെ ഭാഗമായി വെസല്‍ ബാങ്കും ആരംഭിക്കും.ഇവിടെ പതിനായിരം സ്റ്റീല്‍ പ്ലേറ്റുകള്‍ സൂക്ഷിക്കും.