പ്ലാസ്റ്റിക് നിരോധനം പൊളിഞ്ഞ് കണ്ണൂർ; പാളിയതെവിടെ? അന്വേഷണം

സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ആദ്യം നിരോധനം ഏര്‍പ്പെടുത്തിയ ജില്ലയാണ് കണ്ണൂര്‍. രണ്ടുവര്‍ഷം മുമ്പ് നടപ്പാക്കിയ ഈ തീരുമാനം ഇന്ന് കുറച്ചു ജനങ്ങള്‍ മാത്രമാണ് പിന്തുടരുന്നത്. ജില്ലയിലെ മിക്ക വ്യാപാരസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് കാരിബാഗുകളില്‍ ഉല്‍പന്നങ്ങള്‍ ലഭിക്കും. കണ്ണൂരിന്റെ പ്ലാസ്റ്റിക് നിരോധനം പാളിയതെവിടെയാണെന്ന് അന്വേഷിക്കുകയാണ് മനോരമ ന്യൂസ്. 

2017 ജനുവരി 26 മുതല്‍ ജില്ലാ പ‍ഞ്ചായത്തും, ജില്ലാ ഭരണകൂടവും സംയുക്തമായി കണ്ണൂരില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ആദ്യനാളുകളില്‍ ഇത് ഒരുപരിധിവരെ കൃത്യമായി നടപ്പാക്കാന്‍ സാധിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ എല്ലാം പഴയപടി. 

വ്യാപാരി സമൂഹത്തിന്റെ എതിര്‍പ്പും, ബദല്‍ മാര്‍ഗങ്ങളുടെ അപര്യാപ്തതയും നിരോധനം പാളാന്‍ കാരണമായി. മിക്ക വ്യാപാരികളും രഹസ്യമായും, ചിലര്‍ പരസ്യമായും പ്ലാസ്റ്റിക് കാരിബാഗുകളില്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്നു. എന്നാല്‍ നിരോധനം പ്രാബല്യത്തില്‍ വന്ന അന്നു മുതല്‍ പ്ലാസ്റ്റിക് കാരിബാഗുകളെ പടിക്ക് പുറത്താക്കിയവരുമുണ്ട്. കൂത്തുപറമ്പ് നഗരസഭയടക്കമുള്ള ചില പ്രദേശങ്ങളില്‍ കണ്ണൂര്‍ നഗരത്തെ അപേക്ഷിച്ച് പ്ലാസ്റ്റ് കാരിബാഗുകളുടെ ഉപയോഗം ഇപ്പോള്‍ കുറവാണ്.