അവന്‍ എത്ര വേദന അനുഭവിച്ചാകും മരിച്ചിരിക്കുക; ഹൃദയം പൊട്ടി അമ്മ

കോവളം: ‘എന്റെ മകൻ എത്ര വേദന അനുഭവിച്ചാകും മരിച്ചിരിക്കുക..’മകന്റെ വേർപാടിൽ ഹൃദയം പൊട്ടിയുള്ള ആ മാതാവിന്റെ  ചോദ്യം കൂടി നിന്നവരെയും വേദനയിലാഴ്ത്തി.  മോഷ്ടാവെന്ന് ആരോപിച്ച് വണ്ടിത്തടത്ത് സംഘം ചേർന്നു മർദിച്ചു പൊള്ളലേൽപ്പിച്ചതിനെത്തുടർന്ന് കൊല്ലപ്പെട്ട അജേഷിന്റെ  മാതാവ് ഓമനയുടെ ദീനരോദനമാണ് നാട്ടുകാരുൾപ്പെടെയുള്ളവരെ ദുഖത്തിലാഴ്ത്തിയത്.

കെട്ടിയിട്ട് തല്ലി, മുറിവിൽ മുളക്; അലറി വിളിച്ചിട്ടും ആരുംവന്നില്ല; ദാരുണമരണം

മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചു കൊന്ന അജേഷിന് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനം. അജേഷിന്റെ വീട്ടുപരിസരത്തുനിന്ന് കമ്പുകൾ വെട്ടിയാണ് പ്രതികൾ മർദിച്ചത്. കമ്പുകൾ ഒടിയുമ്പോൾ പുതിയ കമ്പുവെട്ടി മർദനം  തുടർന്നു. പിന്നീട് വീടിന്റെ അടുക്കളയിൽ കെട്ടിത്തൂക്കി. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. മൊബൈൽ ഫോൺ കിട്ടാത്തതിനെത്തുടർന്ന് അജേഷിനെ ഉപേക്ഷിച്ച് സംഘം കടന്നു. ഭയന്നുപോയ അജേഷ് സമീപത്തെ വാഴത്തോപ്പിൽ ഒളിച്ചിരുന്നു. തെരുവുനായ്ക്കൾ ഇയാളെ ആക്രമിക്കാനെത്തിയതോടെയാണു നാട്ടുകാർ വിവരം അറിയുന്നത്. 

മലപ്പുറം സ്വദേശിയായ സജിമോന്റെ മൊബൈൽഫോൺ  ഡിസംബർ 11നു പുലർച്ചെ മോഷണം പോയതോടെയാണു സംഭവങ്ങളുടെ തുടക്കം. തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് 40,000രൂപയും ബാഗും മോഷണം പോയത്. മറ്റൊരു യാത്രക്കാരനാണ് കമ്മലിട്ട മോഷ്ടാവിനെക്കുറിച്ചുള്ള സൂചന നൽകിയത്. സജിമോൻ ബസ് സ്റ്റാൻഡിനു പുറത്തെത്തി ഓട്ടോറിക്ഷ ഡ്രൈവർമാരോടു വിവരം പറഞ്ഞു. 

മോഷ്ടാവിനെക്കുറിച്ചുള്ള സൂചനകളിൽനിന്ന് അത് അജേഷായിരിക്കുമെന്ന് നാട്ടുകാരായ ഓട്ടോ ഡ്രൈവർമാർ ഉറപ്പിച്ചു. അജേഷ് ഇടയ്ക്കിടെ വെള്ളായണിയിൽനിന്ന് തമ്പാനൂരിൽ എത്തിയിരുന്നു. മൊബൈലും പണവും തിരികെ ലഭിച്ചാൽ പ്രതിഫലം തരാമെന്ന സജിമോന്‍റെ വാഗ്ദാനത്തെത്തുടർന്നാണ് ഡ്രൈവർമാർ അജേഷിനായി തിരച്ചിൽ ആരംഭിച്ചത്.

വണ്ടിത്തടം ജംക്‌ഷനിൽവച്ച് അജേഷിനെ കണ്ട സംഘം മർദനം ആരംഭിച്ചു. വിഷയത്തിൽ ഇടപെട്ട നാട്ടുകാരോട് അജേഷ് മോഷണക്കേസിലെ പ്രതിയാണെന്നാണ് ഇവർ പറഞ്ഞത്. ഫോണും പൈസയും വീട്ടിൽ ഒളിപ്പിച്ചിരിക്കാമെന്ന സംശയത്തെത്തുടർന്ന്  സംഘം അജേഷുമായി ഓട്ടോറിക്ഷയിൽ പാപ്പൻചാണിയിലെ വീട്ടിലേക്കു പോയി. ഒന്നാം പ്രതി ജിനേഷ് വർഗീസ് ആദ്യം മർദിച്ചു. പിന്നീട് മേൽക്കൂരയിലെ കമ്പിയിൽ തലകീഴായി കെട്ടിത്തൂക്കി. അടുത്ത വീട്ടിൽനിന്നും വെട്ടുകത്തി വാങ്ങി പരിസരത്തു നിന്നു കമ്പുകൾ വെട്ടിയെടുത്തു. ഓരോ കമ്പും ഒടിയുന്നതുവരെ ക്രൂരമായി മർദിച്ചു. 

വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിച്ചു. മുറിവേറ്റ ഭാഗങ്ങളിൽ മുളക് തേച്ചു. മുഖത്ത് മർദിച്ചു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പൊള്ളിച്ചു. നിലവിളിക്കാതിരിക്കാൻ തുണി വായിൽ തിരുകി. 

രാവിലെ എട്ടോടെ തുടങ്ങിയ മർദനം ആറര മണിക്കൂർ കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. മൊബൈലും പണവും കണ്ടെടുക്കാൻ കഴിയാതായതോടെ അജേഷിനെ വീട്ടിൽ ഉപേക്ഷിച്ച് സംഘം മടങ്ങി. നിരങ്ങി നീങ്ങിയാണ് അജേഷ് വാഴത്തോട്ടത്തിലെത്തിയത്. അതിനിടെ തെരുവുപട്ടികൾ കുരച്ചെത്തി. അങ്ങനെയാണ് അജേഷ് വാഴത്തോട്ടത്തിൽ കിടക്കുന്ന കാര്യം നാട്ടുകാർ അറിഞ്ഞത്. പൊലീസെത്തി അജേഷിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികില്‍സയിലിരിക്കെയാണു തിങ്കളാഴ്ച മരിച്ചത്.

അരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അജേഷിന്റേതെന്നു നാട്ടുകാർ പറയുന്നു. രണ്ടു വർഷം മുൻപുവരെ സാധാരണ ജീവിതം നയിച്ചിരുന്ന അജേഷിന്റെ സ്വഭാവത്തിൽ പെട്ടെന്നാണു മാറ്റം ഉണ്ടായത്. നല്ലൊരു വാർക്കപ്പണിക്കാരനായിരുന്ന അജേഷിനെ ലഹരിയോടുള്ള ആസക്തിയാണ് അടിമുടി മാറ്റിയത്. ചിലപ്പോഴൊക്കെ മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. പണിക്കു പോകാതായതോടെ കമ്മലണിഞ്ഞു വേഷത്തിലും മാറ്റംവരുത്തിയതായി നാട്ടുകാർ പറയുന്നു.

മകന്റെ സ്വഭാവത്തിൽ മാറ്റം വന്നതോടെ അമ്മയും സഹോദരിയും കുടുംബവും മറ്റൊരു വീട്ടിലേക്കു താമസം മാറി. റോഡിൽനിന്ന് അരകിലോമീറ്ററോളം ഉള്ളിലാണ് അജേഷിന്റെ വീട്. പണിതീരാത്ത ചെറിയ വീട്ടിൽ അജേഷ് ഒറ്റയ്ക്കായിരുന്നു. വഴിയോരങ്ങളിൽനിന്നായിരുന്നു ഭക്ഷണം. പകൽ അലഞ്ഞുനടക്കും. നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ അജേഷിന്റെ നിലവിളി കേട്ടിട്ടും ആരും തിരിഞ്ഞു നോക്കിയതുമില്ല. സംഭവത്തിൽ മലപ്പുറം സ്വദേശി സജിമോൻ (35), ജിനേഷ് വർഗീസ് (28),ഷഹാബുദ്ദീൻ (43),അരുൺ (29),സജൻ (33), റോബിൻസൺ (39) എന്നിവരെ അറസ്റ്റ് ചെയ്തു.