കോഴിയിറച്ചിയെ തോൽപിച്ച് സവാള വില; ഇറച്ചി വാങ്ങാനും ആളില്ല

സവാള വില ഉയർന്നതോടെ ഇറച്ചിക്കോഴി വിലയും വിൽപനയും കുറഞ്ഞു. ഇന്നലെ ചില്ലറ വിപണിയിൽ ഒരു കിലോ സവാളയുടെ വില കോഴിയിറച്ചിയെക്കാൾ ഉയർന്നു.  ഇന്നലെ സവാളയുടെ വില പൊതുവിപണിയിൽ 160 രൂപയായിരുന്ന‍ു. അതേസമയം, കോഴിയിറച്ചിയുടെ വില പലയിടത്തും 150 രൂപയായി കുറഞ്ഞു. ചിലയിടങ്ങളിൽ 180 രൂപ വരെ വാങ്ങിയ‍ിരുന്നെങ്കിലും പൊതുവെ കച്ചവടം കുറവായിരുന്നു. കഴിഞ്ഞയാഴ്ച 200 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്താണ് കോഴിയിറച്ചിക്കു വിലയിടിവുണ്ടായത്.

പ്രതിദിനം 22 ലക്ഷം കിലോ കോഴിയിറച്ചി വിറ്റിരുന്നത് 15– 16 ലക്ഷം കിലോ ആയി കുറഞ്ഞതായാണു ഓൾ കേരള പോൾട്രി ഫെഡറേഷന്റെ കണക്ക്. ഒരു കിലോ ചിക്കൻ കറിയാക്കാൻ മുക്കാൽ കിലോ വരെ സവാളയും അതനുസരിച്ച് ചെറിയ ഉള്ളിയും വേണമെന്നിരിക്കെ കുടുംബ ബജറ്റുകളിലും ചിക്കൻ കറിക്കു താൽപര്യം കുറഞ്ഞതായാണു വിലയിരുത്തൽ. കോഴി മൊത്ത വിതരണക്കാർ സ്റ്റോക്ക് എടുക്കുന്നതും കുറച്ചു.

"പോൾട്രി മേഖലയിൽ കച്ചവടം ഗണ്യമായി ഇടിഞ്ഞു. നവംബർ അവസാന വാരം നടന്നതിന്റെ 60% കച്ചവടം മാത്രമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തുണ്ടായത്. ഉള്ളിവില ചിക്കൻ വിലയെക്കാൾ ഉയർന്നതോടെ ഹോട്ടലുകളിലേക്കുള്ള ചിക്കൻ വിൽപനയാണ് പ്രധാനമായും മേഖലയെ പിടിച്ചു നിർത്തുന്നത്. കുടുംബ ബജറ്റുകളെ ഉള്ളിവില ബാധിക്കുന്നത് പോൾട്രി മേഖലയെയും ബാധിക്കുന്നുണ്ട്".-എസ്.കെ.നസീർ, സംസ്ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള പോൾട്രി ഫെഡറേഷൻ.