മട്ടുപ്പാവ് കൃഷിഭൂമിയാക്കി, സ്വപ്നങ്ങൾ നട്ടുനനച്ചു; പിന്നാലെ സർക്കാർ ബഹുമതി; മാതൃക

കൃഷിചെയ്യാൻ ഒരുതുണ്ട് ഭൂമിപോലും സ്വന്തമായില്ലാത്ത ഒരു കര്‍ഷകനെ പരിചയപ്പെടാം. പയ്യന്നൂര്‍ പുതിയങ്കാവ് സ്വദേശി എ.വി ധനഞ്ജയനാണ് വീടിന്റെ മട്ടുപ്പാവ് കൃഷിഭൂമിയാക്കി മാറ്റി നേട്ടങ്ങള്‍ കൊയ്യുന്നത്. ഈ വര്‍ഷം സംസ്ഥാനത്തെ മികച്ച, രണ്ടാമത്തെ മട്ടുപ്പാവ് കര്‍ഷകന്‍ എന്ന സര്‍ക്കാര്‍ ബഹുമതിയും ധനഞ്ജയന്‍ സ്വന്തമാക്കി. 

വീടിന്റെ ടെറസില്‍ ധനഞ്ജയന്‍ ഒരുക്കിയിരിക്കുന്ന ഈ പച്ചക്കറി തോട്ടത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. തക്കാളിയും, കാബേജും, കാരറ്റുമുള്‍പ്പെടെയുള്ള പച്ചക്കറികള്‍. സപ്പോര്‍ട്ടയടക്കമുള്ള പഴവര്‍ഗങ്ങള്‍.പിന്നെ കറികള്‍ക്കുപയോഗിക്കുന്ന വിവിധയിനം ഇലകള്‍ ഇങ്ങനെ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈ കൃഷിയിടം. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. നാടൻ ഇനങ്ങൾക്ക് പുറമെ നിരവധി വിദേശയിനം പച്ചക്കറികളും ഈ കര്‍ഷകന്‍ നട്ടുവളര്‍ത്തുന്നു. പെരുമഴക്കാലത്തന് ശേഷം വീണ്ടും പുതിയ തൈകള്‍ നട്ട് പരിപാലിക്കുന്ന തിരക്കിലാണ് ഇദ്ദേഹം. സമൂഹമാധ്യമങ്ങളിലെ കര്‍ഷകകൂട്ടായ്മകളിയും ധനഞ്ജയന്‍ സജീവമാണ്.

തുള്ളിനന സമ്പ്രദായമാണ് മട്ടുപ്പാവ് കൃഷിക്കായി ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് വിവിധ പച്ചക്കറി വിത്തുകള്‍ ഇദ്ദേഹം എത്തിച്ച് നല്‍കുന്നു. പക്ഷേ ഒരു നിബന്ധനയുണ്ട്. കൃഷിയിറക്കി വിളവെടുത്താല്‍ വിത്ത് തിരിച്ചു നല്‍കണം. കൃഷിയെക്കുറിച്ച് തന്റെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും ഈ കര്‍ഷകന്‍ സദാസന്നദ്ധനാണ്.