102 ദിവസം; കവളപ്പാറയിലെ ഇരകൾ പോത്തുകൽ വില്ലേജ് ഓഫീസറെ ഉപരോധിച്ചു

ദുരന്തം സംഭവിച്ച് 102 ദിവസം പിന്നിട്ടിട്ടും ഭൂമിയും വീടും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മലപ്പുറം കവളപ്പാറയിലെ ഇരകൾ പോത്തുകൽ വില്ലേജ് ഓഫീസറെ ഉപരോധിച്ചു. അപ്രതീക്ഷിതമായെത്തിയാണ് സമരം ആരംഭിച്ചത്.

ഉറ്റവർക്കൊപ്പം വീടും ഭൂമിയും അടക്കം ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടവരാണ് പരാതി പ്രതിഷേധമാക്കിയത്. വീടു നിർമിക്കാൻ പണം അനുവദിക്കുമെന്ന് പറഞ്ഞുവെന്നല്ലാതെ ഭൂമിയുടെ കാര്യത്തിൽ പോലും ധാരണയില്ല.

പതിനായിരം രൂപ ധനസഹായം പോലും സാങ്കേതിക കാരണങ്ങളുടെ പേരിൽ കിട്ടാത്തവരുമുണ്ട്. എല്ലാവരും വാടക വീടുകളിലാണ് താമസിക്കുന്നത്. സന്നദ്ധ സംഘടനകളുടെ സഹായം അവസാനിക്കുന്നതോടെ വാടക കൊടുക്കാൻ പോലും മാർഗമില്ലാതാകും. 

കാർഷിക ഭൂമിയെല്ലാം നഷ്ടമായതോടെ ജീവിതമാർഗം അടഞ്ഞവരാണ് ഇവരെല്ലാം. ഓരോ കുടുംബത്തിന്റെയും പ്രതിസന്ധി പ്രത്യേകം വിലയിരുത്തി എത്രയും വേഗമുള്ള പരിഹാരത്തിനാണ് വെളപ്പാറക്കാർ കത്തിരിക്കുന്നത്.