സ്കൂളിന് സമീപം മാലിന്യം ഉപേക്ഷിച്ചു; ദുര്‍ഗന്ധം സഹിക്കാനാവാതെ കുട്ടികൾ; ദുരിതം

ആലപ്പുഴയില്‍ സ്കൂളിന് സമീപം ചാക്കുകളിലായി മാലിന്യം ഉപേക്ഷിച്ച നിലയില്‍. ദുര്‍ഗന്ധം കാരണം കുട്ടികള്‍ക്ക് ക്ലാസില്‍പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. മൂക്കുപൊത്തിയാണ് ദേശീയ പാതയോരത്തുകൂടി യാത്രക്കാരും കടന്നുപോകുന്നത്. 

ചേപ്പാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഗവൺമെൻറ് എൽ പി സ്കൂളിന് എതിർവശമാണിത്. പഴയ ദേശീയപാതയിലാണ് മാലിന്യം ഉപേക്ഷിച്ചിരിക്കുന്നത്. ഇറച്ചിക്കോഴികളുടെ അവശിഷ്ട്ടങ്ങൾ, അഴുകിയ പച്ചക്കറികള്‍, പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമുള്ളവയാണ് ഇവിടെ ഉപേക്ഷിച്ചത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല

മാലിന്യം അഴുകിയ മലിനജലം, പഴയ ദേശീയപാതയുടെ ഒാരത്തായി കെട്ടിക്കിടക്കുകയാണ്. അസഹനീയമായ ദുർഗന്ധമാണ് പരിസരമാകെ പരക്കുന്നത്. പലപ്പോഴും പഞ്ചായത്ത് അംഗങ്ങളോടും പോലീസിനോടും പരാതികള്‍ പറഞ്ഞിട്ടും നടപടികളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.