സ്പോർട്സ് കോംപ്ലക്സ് വികസിപ്പിക്കണം; ആവശ്യവുമായി പുരോഗമന കൂട്ടായ്മ

കായിക വികസനത്തിന് മലപ്പുറം ജില്ലയിലേക്ക് കിഫ്ബി അനുവദിച്ച 43 കോടിരൂപ പയ്യനാട്ടെ ജില്ലാ സ്പോർട്സ് കോപ്ലക്സിന്റെ വികസനത്തിന് ഉപയോഗിക്കണമെന്ന ആവശ്യം ശക്തം. മഞ്ചേരി പുരോഗമന കൂട്ടായ്മയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 

മഞ്ചേരി പയ്യനാട്ടെ 25 ഏക്കർ സ്ഥലത്ത് നാടൊന്നാകെ സ്വപ്നം കണ്ട സ്പോര്‍ട് കോംപ്ലക്സ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും പൂർത്തീകരണം വൈകുകയാണ്. കായിക വികസനത്തിന് മലപ്പുറം ജില്ലയില്‍ അനുവദിച്ച 43 കോടി ഫണ്ട് ഉപയോഗിച്ച്  ജില്ലയുടെ സ്വപ്ന പദ്ധതി പൂർത്തീകരിക്കണമെന്നാണ് ആവശ്യം. ഇതുന്നയിച്ച് ജില്ലാ സ്പോർട്സ് കോംപ്ലക്സിന് മുന്നിൽ മ‍‍ഞ്ചേരി പുരോഗമന കൂട്ടായ്മ അംഗങ്ങള്‍ ഒത്തുകൂടി. 

ഫ്ലഡ് ലൈറ്റ്, സിന്തറ്റിക്ക് ട്രാക്ക്, സ്വിമ്മിംഗ് പൂൾ, ഫുട്ബോൾ അക്കാഡമി, ക്രിക്കറ്റ് ഗ്രൗണ്ട്, കബടി കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട് എന്നീ സൗകര്യങ്ങളാണ് സമുച്ചയത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇത് എത്രയും പെട്ടെന്ന് സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം