‘ഞാൻ ബസിന് പുറത്തേക്ക് നോക്കി വിളിച്ചുകൂവി’; പ്രതികരിക്കാതെ സഹയാത്രികർ; യുവതിയുടെ കുറിപ്പ്

‘നീതി അത് അർഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്..’ തിരുവനന്തപുരം യാത്രയെ പറ്റിയുള്ള കുറിപ്പിനൊടുവിൽ ഒരു യുവതി എഴുതി. കാരണം അവർ കാണിച്ച കരുത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കെഎസ്ആർടിസി ബസിനുള്ളിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിയെ കയ്യോടെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു ഇൗ മിടുക്കി. അതും സഹായത്തിന് ബസിലെ യാത്രക്കാർ പോലും തിരിഞ്ഞുനോക്കാതിരുന്നപ്പോൾ. പിന്നീട് തർക്കം നടന്ന ബസിന് പുറത്ത് നിന്നുള്ള യുവാക്കളാണ് ഒാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത്. 

‘യാത്രചെയ്യുമ്പോൾ ആണ് മൈലം എംജിഎം സ്കൂൾ കഴിഞ്ഞുള്ള റയിൽവേ മേൽപ്പാലത്തിൽ വച്ചു എന്റെ തോൾവശത്തായി എന്തോ ഉരസുന്നതായി തോന്നിയത്. തല വെട്ടിച്ചു സൈഡിലേക്ക് നോക്കിയപ്പോൾ ഒരു വ്യക്തി അദ്ദേഹത്തിന്റെ ജനനേന്ദ്രിയം ഉപയോഗിച്ചു ഉരസുന്നതാണ് കണ്ടത്. കയ്യിലിരുന്ന ഫോണുൾപ്പെടെ വലിച്ചെറിഞ്ഞു അവന്റെ കോളറിൽ ഞാൻ പിടിമുറുക്കി. എന്റെ ശബ്ദം കുറച്ചു ഉറക്കെയാണ്... ഡ്രൈവർ അത് കേട്ടുവെന്ന് തോന്നുന്നു. ബസ് അവിടെ തന്നെ നിർത്തി. അവൻ കുതറുന്നുണ്ടായിരുന്നു..’ യുവതി കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

സുഹൃത്തുക്കളെ, 

ഒരു കെഎസ്ആർടിസി ബസ് യാത്രാനുഭവം പങ്കുവയ്ക്കുകയാണ്. അറിഞ്ഞവർ ഉണ്ട്... അറിയാത്തവരും.. വാർത്ത ശരിക്കു അറിയാത്തവരും. തിങ്കളാഴ്ച കെഎസ്ആർടിസിയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ പണിമുടക്കുന്നതിന്റ ഭാഗമായി സർവീസ് കുറവായിരുന്നുവല്ലോ. അന്നേ ദിവസം അടിയന്തിരമായി തിരുവനന്തപുരം ചെല്ലേണ്ടുന്നതിന്റെ ഭാഗമായി ഞാൻ പുത്തൂർമുക്കിൽ നിന്നും ഒരു ഓർഡിനറി ബസിൽ കൊട്ടാരക്കര ഇറങ്ങാം എന്ന് കരുതി കയറി. ഭാഗ്യത്തിന് സീറ്റും കിട്ടി.

അങ്ങനെ അങ്ങനെ യാത്രചെയ്യുമ്പോൾ ആണ് മൈലം എംജിഎം സ്കൂൾ കഴിഞ്ഞുള്ള റയിൽവേ മേൽപ്പാലത്തിൽ വച്ചു എന്റെ തോൾവശത്തായി എന്തോ ഉരസുന്നതായി തോന്നിയത്. തല വെട്ടിച്ചു സൈഡിലേക്ക് നോക്കിയപ്പോൾ ഒരു വ്യക്തി അദ്ദേഹത്തിന്റെ ജനനേന്ദ്രിയം ഉപയോഗിച്ചു ഉരസുന്നതാണ് കണ്ടത് . അത്യാവശ്യം ultra feminist താത്പര്യങ്ങൾ വച്ചുപുലർത്തുന്നതുകൊണ്ടു തന്നെ പ്രതികരണ ശേഷി നഷ്ടപെട്ടിട്ടേയില്ല.. കയ്യിലിരുന്ന ഫോണുൾപ്പെടെ വലിച്ചെറിഞ്ഞു അവന്റെ കോളറിൽ ഞാൻ പിടിമുറുക്കി. എന്റെ ശബ്ദം കുറച്ചു ഉറക്കെയാണ്... ഡ്രൈവർ അത് കേട്ടുവെന്ന് തോന്നുന്നു. ബസ് അവിടെ തന്നെ നിർത്തി. അവൻ കുതറുന്നുണ്ടായിരുന്നു..

‘ഈ പെണ്ണിനെന്താ  ഞാനൊന്നും ചെയ്തില്ലേ’ എന്നൊക്കെ പുലമ്പുന്നും ഉണ്ടായിരുന്നു.. എനിക്കും അയാൾക്കും തമ്മിൽ ഒരു മൽപ്പിടിത്തം തടത്താനുള്ള സ്ഥലം വായടഞ്ഞുപോയ എന്റെ പ്രിയ സഹയാത്രികർ ഒരുക്കിത്തന്നു. പലരോടും പറഞ്ഞു. ചേട്ടാ ഇയാളെന്ന insult ചെയ്യാൻ ശ്രമിച്ചു എന്ന്. കണ്ടക്ടർ ഉൾപ്പെടെ ആരും മിണ്ടിയില്ല.. ഇതിനൊരു അപവാദമെന്നോണം ചില ചേച്ചിമാർ ‘യ്യോ..ഇങ്ങോട്ടൊന്നും കൊണ്ടുവരല്ലേ’ എന്നൊക്കെ പറയുന്നതായും എനിക്കോർമയുണ്ട്.. അടുത്ത ഓപ്ഷൻ വെളിയിൽ നിന്ന് ബസിലേക്ക് ഉറ്റുനോക്കുന്ന കുറച്ചുപേർ ആയിരുന്നു. അവരോടും കാര്യം ഉറക്കെ വിളിച്ചുകൂവി തന്നെ പറഞ്ഞു.. ‘വലിച്ചിറക്ക് ചേച്ചി അവനെ’ എന്ന് ആരൊക്കെയോ വിളിച്ചുകൂവി.. കൃത്യമായി ഓർമയില്ല ആരൊക്കെയോ സഹായിച്ചു. അയാളെ ബസിൽ നിന്ന് ഇറക്കാൻ. 

ഞാൻ അയാളെ അവരുടെ കയ്യിൽ ഏൽപ്പിച്ചു  എന്റെ ഫോൺ എടുത്തു. അപ്പോളേക്കും ആളുകൾ കൈകാര്യം ചെയ്യും എന്നായപ്പോൾ എല്ലാരേം തട്ടിക്കളഞ്ഞു അയാൾ ഓടെടാ ഓട്ടം...(സ്ഥിരം ഓടാറുള്ളതാണെന്നു ഓട്ടം കണ്ടിട്ടും നാട്ടിലെ ചില സുഹൃത്തക്കൾ വഴിയും അറിഞ്ഞു ) അതും സ്വന്തം മുണ്ടും ചെരിപ്പും ഒക്കെ ഊരിക്കളഞ്ഞിട്ടാന്നെ... ന്തായാലും നല്ല ഓട്ടക്കാരനാണ് .. പുറകെ ഓടിയ ചേട്ടൻമ്മാർ (പഞ്ചായത്ത്‌ മെമ്പർ ഗോപാലകൃഷ്ണൻ സർ ഉൾപ്പെടെ ) മറിഞ്ഞുവീണു.. (കാൽമുട്ട് പൊട്ടി hospitalised ആകേണ്ടിയും വന്നു ഒരാൾക്ക് )

ഞാൻ 100 ലേക്ക്‌ വിളിച്ചു. പക്ഷെ ഒരു stressed situationil 1/2 അക്കങ്ങളിൽ ഒക്കെ അമർത്താൻ പറയുമ്പോൾ ആർക്കാ പറ്റുക. കാൾ കട്ടായി. പിന്നെ നമ്മുടെ 1515 ലേക്ക്‌ വിളിച്ചു. pink police ലൊക്കേഷൻ ചോദിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് ഒരു സിനിമാക്കഥ പോലെ എനിക്ക് തോന്നുന്നു. MC റോഡിലൂടെ ബസ് വന്നവഴി. ഉടുതുണിയുരിഞ്ഞു ഓടുന്ന പ്രതി. പുറകെ ഓടിയെത്താൻ കഴിയാത്ത ചേട്ടന്മാർ. മറിഞ്ഞുവീണ ഒരു ചേട്ടൻ ഉൾപ്പെടെ ചിലർ ബൈക്കിൽ ഫോളോ ചെയ്യുന്നു. 

ഓടുന്നയാളുടെ എതിർ ദിശയിൽ ഒരു രക്ഷകനെ പോലെ (എന്റെ ) ഓട്ടോയിൽ യാത്രചെയ്യുന്ന നൂറനാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സാറും ഓട്ടോയിൽ നിന്നിറങ്ങി പ്രതിയെ ഓടിച്ചിട്ട്‌ പിടിച്ചു.(ഒരുപക്ഷെ സാർ വന്നില്ലായിരുന്നുവെങ്കിൽ പ്രതി ഓടി രക്ഷപെടാനുള്ള സാധ്യതകൾ ഏറെയായിരുന്നു ) ഇതിനോടകം തന്നെ കൊട്ടാരക്കര സ്റ്റേഷനിലും എന്റെ ഭർത്താവിനെയും ഞാൻ വിവരമറിയിച്ചു. സ്കൂളിൽ നിന്ന് അദ്ദേഹവും അപ്പോൾ തന്നെ ഇറങ്ങുകയുണ്ടായി. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ കൊട്ടാരക്കര എസ്ഐ രാജീവ്‌ സാറും സംഘവും പിങ്ക് പൊലീസുമെത്തി.  പ്രതിയെ ജീപ്പിൽ കയറ്റി. ഒപ്പം ഞാനും. ഇതാണ് സംഭവം 

പിന്നീട് പോലീസ് സ്റ്റേഷനിൽ ചെന്ന് ഞാൻ സ്റ്റേറ്റ്മെന്റ് കൊടുക്കകയും മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട പ്രതി റിമാൻഡിലായിട്ടുണ്ട്.

ഇതിലേറ്റവും സന്തോഷമുള്ള ചിലകാര്യങ്ങൾ പറയട്ടെ

1. വാളയാർ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി സ്ത്രീകൾക്ക് വേണ്ടി ഫേസ്ബുക് പോസ്റ്റിലൂടെ ശബ്ദമുയർത്തിയ അറിയാവുന്നതും അറിയാത്തതുമായ എന്റെ നിരവധി സഹയാത്രികർ അന്നേദിവസം മൗനവൃതം അനുഷ്ഠിക്കുവാൻ തീരുമാനിച്ചിരുന്നതാണ്.അല്ലാതെ drawingroom protestations ഇൽ മാത്രം ഒതുങ്ങിപോയ അവരുടെ അസ്ഥികൂടങ്ങൾ അല്ല ഞാൻ അവിടെ കണ്ടത്

2. നാടിന്റെ ശക്തിയും മുക്തിയും ഒക്കെ പ്രതികരണ ശേഷിയുള്ള സമൂഹമാണ്. എനിക്ക് വേണ്ടി ഒന്നും നോക്കാതെ സപ്പോർട്ട് തന്ന കുറെ വ്യക്തികളുണ്ട്.. അവരാണ് ഈ നാടിന്റെ പ്രതീക്ഷ.. കുറെ പേരുടെ പേരറിയില്ല. മെമ്പർ ഗോപാലകൃഷ്ണൻ സാർ, കുന്നിക്കോട് നിന്നുള്ള ഇജാസ് ചേട്ടൻ എന്നിവർ പിന്നീടും വിളിച്ചു ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ അന്വേഷിച്ചത് കൊണ്ട്‌ പേരുവിവരങ്ങൾ ലഭ്യമായി.. നന്ദിയും കടപ്പാടും എനിക്ക് പറയാനില്ല. കാരണം തിരികെ നൽകാനുള്ളത് എന്റേം എന്റെ കൂടെയുള്ളവരുടേം ഞങ്ങളുടെ വരുംകാല തലമുറയുടേം സേവനമാണ്..

3. പോലീസ് ന്റെ സേവനം... പറയാതെ വയ്യ.. 

ഈയടുത്തു ഒരു ആക്‌സിഡന്റ് ഉണ്ടായപ്പോൾ തന്നെ തിരുവനന്തപുരം പൊലീസിന്റെ  സമീപനം വല്യ ആശ്വാസമായിരുന്നു. ഒരുകാര്യം ഉറപ്പിച്ചു പറയാം... നീതിക്കുവേണ്ടി ഇനി ആശങ്കപ്പെടേണ്ട.. കൊട്ടാരക്കര പോലീസ് കൂടെയുണ്ട്.. സ്ത്രീ സുഹൃത്തുക്കളെ... നിങ്ങളുടെ സംരക്ഷണത്തിനായി ഒരു സേന അവിടെ സുസജ്ജമാണ്.. 

സംഭവവികാസങ്ങൾ അറിഞ്ഞു ഒരുപാടു പേർ എന്നേം സാറിനേം വിളിച്ചിട്ടുണ്ട്. വാക്കുകൾ കൊണ്ട് അഭിനന്ദനങ്ങൾ ചൊരിഞ്ഞവർ ഏറെയാണ്. അഭിനന്ദനങ്ങൾ അല്ല ആവശ്യം.. നെഞ്ചുറപ്പോടെ നിക്കാൻ മാത്രം പഠിപ്പിച്ച ഒരച്ഛന്റെ മകളാണ് ഞാൻ.... ഇവിടെ നിങ്ങളും തലമുറയും പ്രതികരണ ശേഷിയുള്ളവരാകുകയാണ് വേണ്ടത്. അഭിനന്ദനങ്ങൾ അറിയിക്കാനായി വിളിച്ച സ്ത്രീസുഹൃത്തുക്കളിൽ എല്ലാവർക്കും ഇതുപോലെ ഓരോ കഥ പറയുവാനുണ്ടായിരുന്നു.. പ്രതികരിക്കാൻ പറ്റിയില്ലത്രേ. ഇനിയും സമയമുണ്ട്. നിങ്ങളെ ശല്യപ്പെടുത്തിയ ഒരുത്തനേം വെറുതേവിട്ടുകൂടാ. ഒരിക്കലും അവർ നിരത്തിൽ സ്വതന്ത്രരാകരുത്. പിടിച്ചുകെട്ടുവിൻ...

NB:- വായിച്ചു രസിക്കാൻ തക്ക ചേരുവകളോട് കൂടി പലതരത്തിലുള്ള false ന്യൂസുകൾ ഈ സംഭവത്തോട് അനുബന്ധിച്ചു ഇറങ്ങുകയുണ്ടായി.. അത് വായിച്ചവർ എനിക്ക് ഒരുപാടു വിഷമം ഉണ്ടായോ എന്ന് ആരായുന്നുമുണ്ട്.. പോലീസ് നു കൊടുത്ത പരാതിയിൽ  പോലും മനോവിഷമം എന്ന വാക്ക് ഉൾപെടുത്താൻ സമ്മതിക്കാത്ത വ്യക്തിയാണ് ഞാൻ.എന്തോ എനിക്ക് ഇത് ആത്മാഭിമാനമാണ് പ്രധാനം ചെയ്യുന്നത്.കാരണം പലകേസുകളിലും നോട്ടപ്പുള്ളി ആയ ഒരാളെ പിടികൂടുവാൻ എന്റെ പ്രതികരണശേഷി കൊണ്ട് സാധിച്ചുവല്ലോ. സഞ്ജമാകൂ.. സുസജ്ജമാകൂ..നീതി. അത് അർഹിക്കുന്നവർക് വേണ്ടിയുള്ളതാണ്....