അതിവേഗ റെയിൽപാത; 40,000 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെടും; ആശങ്ക, പ്രതിഷേധം

സംസ്ഥാനത്ത് അതിവേഗ റെയില്‍പാത സ്ഥാപിച്ചാല്‍ നാല്‍പതിനായിരത്തിലേറെ കുടുംബങ്ങള്‍ കുടിയിറക്കപ്പെടുമെന്ന റിപ്പോര്‍ട്ടില്‍ ആശങ്ക. ഫ്രഞ്ച് കമ്പനിയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ പ്രവര്‍ത്തനക്ഷമതാ പഠനം പുരോഗമിക്കുന്നതിനിടെ കോട്ടയം ജില്ലയില്‍ പ്രതിഷേധം ഉയരുകയാണ്. 

തിരുവനന്തപുരത്തു നിന്ന് കാസർകോഡ് എത്താന്‍ വെറും മൂന്ന് മണിക്കൂര്‍. ഇതാണ് കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ സെമീ ഹൈ സ്പീഡ് റയില്‍വെ പദ്ധതി. 532 കിലോമീറ്റര്‍ നീളുന്ന പാത സ്ഥാപിക്കാന്‍ അറുപത്തിആറായിരം രൂപയാണ് പദ്ധതി ചെലവ്. ഏറ്റെടുക്കേണ്ടി വരിക 1200 ഹെക്ടറിലേറെ ഭൂമി. പദ്ധതിയുടെ പ്രവർത്തനക്ഷമതാ പഠനത്തിനായി ഫ്രഞ്ച് കമ്പനിയായ SYSTRA യെയാണ് ചുമതലപ്പെടുത്തിയത്. കടുത്തുരുത്തി മേഖലയിൽ മുളക്കുളം അമ്പല പടിക്ക് സമീപം വെള്ളൂർ റോഡിലും കുന്നപ്പള്ളിയിലും റോഡിൽ സ്ഥലമടയാളപ്പെടുത്തിയതോടെയാണ് നാട്ടുകാര്‍ സംഭവമറിഞ്ഞത്. രണ്ട് ദിവസം മുന്‍പ് ഹെലികോപ്റ്ററിലെ‍ത്തി ആകാശ സര്‍വെയും പൂര്‍ത്തിയാക്കി.  നിലവിലെ‍ സര്‍വെ പ്രകാരം മുളക്കുളം ഒന്നാം വാർഡിൽ പ്രവേശിക്കുമ്പോൾ തന്നെ 150 ഓളം വീടുകളും ഏക്കറുകണക്കിന് കൃഷിയിടങ്ങളും ഇല്ലാതാകും. പ്രദേശത്തെ മൂന്ന് ക്ഷേത്രങ്ങളുടെ ആറാട്ടുകടവും മണ്ഡപവും നഷ്ടപ്പെടും. 

റയില്‍പാത്യ്ക്കൊപ്പം താമസ സമുച്ചയങ്ങളും വാണിജ്യ സ്ഥാപനങ്ങളടങ്ങിയ സ്മാർട്ട് സിറ്റിയും സ്ഥാപിച്ച് പദ്ധതി ലാഭകരമാക്കാനും ഉദ്ദേശിക്കുന്നു. ഇതോടെ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവും കൂടും. അമ്പതിനായിരം യാത്രക്കാരെങ്കിലും പ്രതിദിനം ഉണ്ടെങ്കിലെ പദ്ധതി ലാഭകരമാവൂ.