മോക്ഷം കാത്ത് കുഴികൾ; ദുരിതയാത്രയിൽ അനന്തപുരി

ഉപതിരഞ്ഞെടുപ്പ് സമയത്ത് നേതാക്കള്‍ മോടിപിടിപ്പിച്ച പല റോഡുകളും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പഴയപടിയായി. തിരുവനന്തപുരം നഗരത്തിന് പുറത്തുള്ള റോഡുകളുടെ ശോചനീയാവസ്ഥ പലപ്പോഴും ജനജീവിതം സ്തംഭിപ്പിക്കുന്നു. തിരുവനന്തപുരത്തു നിന്നും അഞ്ജലി സുധീര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലേക്ക്. പലതവണ പറഞ്ഞതാണ്.  ഒരിക്കല്‍ കൂടി റോഡിന്റ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത് മഴ കുറഞ്ഞതുകൊണ്ടാണ്. മഴയുടെ പേരുപറഞ്ഞ് ഇനിയും ഉറക്കം നടിക്കരുത്. നടിച്ചാല്‍ പൊതുജനം പ്രതികരിക്കുന്നത് മറ്റൊരു തരത്തിലായിരിക്കും 

കഴക്കൂട്ടം ബൈപ്പാസിലൂടെ വരുന്നവര്‍ക്ക് കുമാരപുരം റോഡില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോകാനുള്ള  എളുപ്പവഴി. രോഗികളും ആശുപത്രി ജീവനക്കാരും അടക്കം നൂറുകണക്കിന് ആളുകള്‍ ദിവസവും പോകുന്ന റോ‍ഡ്. ഇത് ആരുടേതാണന്ന് ചോദിച്ചാല്‍ വാര്‍ഡ് കൗണ്‍സിലറും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഒരുപോലെ കൈമലര്‍ത്തും.  

പേരൂര്‍ക്കട പൈപ്പിന്‍മൂട് ജംഗ്ഷന്‍.  നഗരത്തിന്റ മധ്യത്തിലേക്കുള്ള പ്രധാന പ്രവേശകവാടം.  ഒരു പഞ്ഞവുമില്ല ഇവിടെയും കുഴികള്‍ക്ക് മുക്കോല സെന്‍റ്. തോമസ് ഹൈസ്കൂളിന് മുന്നിലെ റോഡ് കൂടി കാണുക റോഡ് നന്നാക്കിയാല്‍ മാത്രം പോര, ആരും കുത്തിപ്പൊളിക്കാന്‍ വരില്ലെന്ന് കൂടി ഉറപ്പുവരുത്താനുള്ള ചുമതല കോര്‍പറേഷനും PWD യ്ക്കും ഉണ്ട്.