വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം മേയര്‍ ഏറ്റെടുക്കണം; രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം

കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന്റെ  ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ സൗമിനി ജെയിന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭാ കൗണ്‍സില്‍ യോഗം സ്തംഭിപ്പിച്ചു. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടാത്ത മേയര്‍ക്ക് നഗരസഭ ഭരിക്കാനുള്ള അവകാശമില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. 

വോട്ടെടുപ്പു ദിവസം കൊച്ചി നഗരത്തെ വിഴുങ്ങിയ വെള്ളക്കെട്ടായിരുന്നു കൗണ്‍സിലില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ പ്രധാനവിഷയം. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ രാജിവയ്്ക്കണമെന്നതായിരുന്നു പ്രതിപക്ഷ ആവശ്യം.

ബാനറുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ നി‌ലയുറപ്പിച്ചതോടെ‌ കൗണ്‍സില്‍ യോഗം പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. 

മേയറെ മറുപടി പറയാനും പ്രതിപക്ഷം അനുവദിച്ചില്ല. യോഗം അലങ്കോലമായതിനുപിന്നാലെയാണ് പ്രതിപക്ഷം മേയറുടെ ഒാറഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍പ്പടാതെ മേയര്‍ ഒാഫീസ് വിട്ട് പുറത്തിറങ്ങി.