വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ: മുൻകര‌ുതൽ നടപടികള്‍തുടങ്ങി

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. ന്യുനമർദ്ദത്തെ തുടർന്ന് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികൾ മേയറുടെ നേതൃത്വത്തിൽ നടന്നത്. 

ഒക്ടോബർ 21ന് കനത്ത മഴയെ തുടർന്ന്    കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് നഗരസഭക്കെതിരെ വലിയ വിമർശനങ്ങൾക്കു വഴിവെച്ചിരുന്നു . തുടർന്ന്  വീണ്ടും മഴ സജീവമായതോടെയാണ് നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികൾ കോർപ്പറേഷൻ ആരംഭിച്ചത്. മേയർ നേരിട്ടറങ്ങിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. 

നഗരത്തിൽ കഴിഞ്ഞ തവണ വെള്ളക്കെട്ട് രൂക്ഷമായ എം. ജി റോഡിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. അടഞ്ഞു കിടന്ന കാനകൾ തുറന്നുവിട്ടും, കെട്ടിക്കിടന്ന വെള്ളം പമ്പ് ചെയ്തു കളയുകയും ചെയ്‌തു.മഴ കൂടുന്ന സാഹചര്യത്തിൽ നഗരത്തിൽ എല്ലായിടത്തും ഇത്തരത്തിൽ നടപടികൾ സ്വീകരിക്കുമെന്നാണ് നഗരസഭയുടെ പ്രഖ്യാപനം.