മകൻ അക്കങ്ങൾ പറയും; അച്ഛൻ ടിക്കറ്റെടുക്കും; അടിച്ചത് 65 ലക്ഷം

ലോട്ടറി ടിക്കറ്റ് എടുക്കാൻ പോകുമ്പോൾ മകൻ പറഞ്ഞുവിടുന്ന അവസാന മൂന്ന് അക്കങ്ങൾ ഉള്ള ടിക്കറ്റ് എടുക്കും. ആ വിശ്വാസത്തിലൂടെ ഇപ്പോൾ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപയാണ് സന്തോഷ് എന്ന മൽസ്യത്തൊഴിലാളിയെ തേടിയെത്തിയത്. 

പതിവായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് സന്തോഷ്. ചെറിയ സമ്മാനങ്ങൾ പ്രതീക്ഷിച്ച് ഒന്നിച്ചു കുറെ ടിക്കറ്റെടുക്കാറാണു പതിവ്. സ്കൂൾ വിദ്യാർഥിയായ മകൻ ബ്ലെസണാണു ഭാഗ്യ സാധ്യതയുള്ള അവസാന മൂന്ന് അക്കങ്ങൾ പറഞ്ഞുവിടാറ്. ഇത്തരത്തിൽ എടുത്ത ടിക്കറ്റിനാണു സമ്മാനം ലഭിച്ചതെന്നും സന്തോഷ് പറഞ്ഞു. ഇതോടൊപ്പം ഉണ്ടായിരുന്ന മറ്റ് 8 ടിക്കറ്റുകൾക്ക് 11000 രൂപ വീതമുള്ള സമാശ്വാസ സമ്മാനവും സന്തോഷിന് തന്നെയാണ്. 

ഭാര്യ റീന. അഷ്നയും അഞ്ജിതയുമാണ് മറ്റു മക്കൾ. കലവൂരിൽ ഒൻപതു മാസത്തിനിടെ ഇതു നാലാം തവണയാണു കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്നത്.