എംഎൽഎ ബ്രോ എന്ന് വിളിക്കുന്നതിൽ സന്തോഷം; എന്റേത് ഷോ അല്ലെന്ന് ജനം പറഞ്ഞു: അഭിമുഖം

മണ്ഡലം ആയതിന് ശേഷം വട്ടിയൂർക്കാവിൽ ഇടതുമുന്നണിക്ക് ലഭിക്കുന്ന വൻവിജയമാണ് ഈ ഉപതിരഞ്ഞെടുപ്പിൽ കണ്ടത്. നഗരപിതാവായ വി.കെ.പ്രശാന്ത് 14438 വോട്ടിനാണ് വിജയിച്ചത്. കേരളത്തിന്റെ പ്രിയപ്പെട്ട മേയർ ബ്രോ ഇനി മുതൽ എംഎൽഎ ബ്രോ കൂടിയാണ്. ഈ വിജയത്തെക്കുറിച്ച് വി.കെ.പ്രശാന്ത് മനോരമ ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചത് ഇങ്ങനെ:

സമുദായ രാഷ്ട്രീയവും ശരിദൂരവുമല്ല ശരി എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ജനങ്ങൾ വളരെ കൃത്യമായ സന്ദേശമാണ് എനിക്ക് കിട്ടിയ വോട്ടിലൂടെ നൽകിയത്. എന്റെ എതിരാളികൾ തിരഞ്ഞെടുപ്പ്കാലത്ത് ഉന്നയിച്ച ആരോപണം പ്രളയകാലത്ത് ജനങ്ങളെ സഹായിച്ച് ഷോ കാണിക്കുകയായിരുന്നുവെന്നാണ്. എന്നാൽ അത് മാത്രമല്ല ഒരാളെ വിജയിപ്പിക്കാനുള്ള അളവുകോലെന്ന് വട്ടിയൂർക്കാവിലെ ജനങ്ങൾ കാണിച്ചുതന്നു. 14,465 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതുകൊണ്ട് തന്നെയാണ്. 

എനിക്കെതിരെ ആരോപണം ഉന്നയിച്ചവർ ഈ പ്രളയകാലത്ത് എവിടെയായിരുന്നു. അവർക്കും ഈ പ്രളയകാലത്ത് ജനങ്ങളോടൊപ്പം പ്രവർത്തിച്ച് പേര് വാങ്ങിക്കാനുള്ള അവസരമുണ്ടായിരുന്നല്ലോ? അവർക്കും കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നല്ലോ? ചെയ്തിരുന്നെങ്കിൽ അവർക്കും വോട്ട് കിട്ടുമായിരുന്നല്ലോ? പ്രളയകാലത്ത് പ്രവർത്തിച്ചതിന്റെ പേരിൽ മാത്രം മലയാളികൾ വോട്ട് ചെയ്യില്ല. 

ഇത്രയും കാലം യുവാക്കളുടെ ഇടയിൽ പ്രവർത്തിച്ചത് കാരണം അവർ സ്നേഹപൂർവ്വം നൽകിയ പേരാണ് മേയർ ബ്രോ. ഇനി ജനങ്ങൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കുമ്പോൾ എംഎൽഎ ബ്രോ എന്ന് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂ- വി.കെ.പ്രശാന്ത് പറഞ്ഞു.